കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ ലഹരി വേട്ട. 64 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കടത്താന്‍ ശ്രമിച്ച കോഴിക്കോട് പരപ്പന്‍പൊയില്‍ സ്വദേശി സനീഷ് കുമാറാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
വയനാട് ജില്ലാ പൊലീസ് മേധാവിക്കും ലഹരി വിരുദ്ധ സ്കോഡിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കര്‍ണാടകയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു സനീഷ്. കോട്ടക്കുന്ന് വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ചെയ്ത ചോദ്യം ചെയ്യലിലാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ ലഹരി കണ്ടെത്തിയത്. ആശുപത്രിയില്‍ നടത്തിയ സ്കാനിംഗില്‍ വയറ്റിനുള്ളിലെ ലഹരി പാക്കറ്റ് കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്കായി ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
സംസ്ഥാനത്ത് ലഹരിവേട്ടയ്ക്ക് എതിരെ ഓപ്പറേഷന് തൂഫാന് അന്വേഷണം ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തിലാണ് നടപടി. പദ്ധതി ആരംഭിച്ച് ദിവസങ്ങള്‍ക്കുളളില്‍ രണ്ടായിരത്തിലേറെ പേരെ അറസ്റ്റ് ചെയ്യുകയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തൂഫാന് വിജിലന്‍സ് എന്ന സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്നും രഹസ്യ വിവരങ്ങള്‍ ആര്‍ക്കും പൊലീസിന് കൈമാറാമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചിരുന്നു. 9497979794, 9497927797 എന്നീ നമ്പറുകളിലേക്ക് പൊതുജനങ്ങള്‍ക്ക് വിവരമറിയിക്കാമെന്നും 9995966666 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് വഴി വിവരമറിയിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
Content Highlights: Police in Sultan Bathery, Wayanad caught a youth with 64 grams of drugs