സ്വകാര്യ നിമിഷങ്ങൾ വരെ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നു, തുടർന്നാൽ നിയമനടപടി; 'പാപ്പരാസി'കൾക്ക് എതിരെ തഹ്‌ലിയ

ഇത്തരം ചാനലുകള്‍ തന്റെ പി ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന തരത്തില്‍ പ്രചരിക്കുന്ന തെറ്റിദ്ധാരണകള്‍ക്കും യാതൊരു അടിസ്ഥാനവുമില്ലെന്ന് ഫാത്തിമ തഹ്‌ലിയ

മലപ്പുറം: അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകർത്തുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഓണ്‍ലൈന്‍ ഹാന്‍ഡിലുകള്‍ക്കെതിരെ പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹ്‌ലിയ. യാതൊരു തിരിച്ചറിയല്‍ അടയാളങ്ങളുമില്ലാതെ 'മീഡിയ' എന്ന പേരില്‍ ചിലര്‍ പരിപാടികളില്‍ ഇടപെടുകയും ചിത്രീകരണങ്ങള്‍ നടത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഫാത്തിമ തഹ്‌ലിയ പറഞ്ഞു. സംഘാടകര്‍ നിയോഗിച്ചവര്‍ ആരാണെന്നും അനധികൃതമായി ഇടപെടുന്നവര്‍ ആരാണെന്നും പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്ത്, വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച ദൃശ്യങ്ങളാക്കി പകര്‍ത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണ്. സാധാരണ ജീവിതത്തിലെ ലളിതമായ നിമിഷങ്ങളെ പോലും വിചിത്രവും ഉദ്ദേശ്യബോധമുള്ളതുമായ ക്യാപ്ഷനുകള്‍ നല്‍കി sensationalize ചെയ്യുകയും, അനാവശ്യ പ്രതികരണങ്ങളും നെഗറ്റിവിറ്റിയും സൃഷ്ടിക്കുകയും, അതിനെ monetise ചെയ്ത് ലാഭമാക്കുകയും ചെയ്യുന്ന പ്രവണത അതീവ അപലപനീയമാണ്', ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

ഇത്തരം ചാനലുകള്‍ എന്റെ പി ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന തരത്തില്‍ പ്രചരിക്കുന്ന തെറ്റിദ്ധാരണകള്‍ക്കും യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമായി അറിയിക്കുന്നു. മനുഷ്യന്റെ സ്വകാര്യത ലംഘിക്കുകയും, ഉദ്ദേശപൂര്‍വ്വം അപമാനിക്കാനും പ്രകോപിപ്പിക്കാനും ശ്രമിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ഉള്‍ക്കൊള്ളാനാവില്ല. ഇത്തരത്തിലുള്ള പാപ്പരാസി രീതികള്‍ തുടര്‍ന്നാല്‍, അത് വ്യക്തമായ നിയമനടപടി സ്വീകരിക്കുമെന്നും തഹ്‌ലിയ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വീഡിയോ പ്രവര്‍ത്തനങ്ങളോട്. ഒരു ജനപ്രതിനിധി എന്ന നിലയില്‍, ദിവസേന നിരവധി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് എന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. അത്തരം പരിപാടികളില്‍ സംഘാടകര്‍ ഔദ്യോഗികമായി ഫോട്ടോയും വീഡിയോ ചിത്രീകരണത്തിനുമായി ആളുകളെ ചുമതലപ്പെടുത്താറുണ്ട്.

എന്നാല്‍, ചില സാഹചര്യങ്ങളില്‍ സോഷ്യല്‍ മീഡിയ പോസ്റ്ററുകള്‍ മാത്രം അടിസ്ഥാനമാക്കി, യാതൊരു തിരിച്ചറിയല്‍ അടയാളങ്ങളുമില്ലാതെ ''മീഡിയ'' എന്ന പേരില്‍ ചിലര്‍ പരിപാടികളില്‍ ഇടപെടുകയും ചിത്രീകരണങ്ങള്‍ നടത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആരാണ് സംഘാടകര്‍ നിയോഗിച്ചവര്‍, ആരാണ് അനധികൃതമായി ഇടപെടുന്നവര്‍ എന്നത് പലപ്പോഴും തിരിച്ചറിയാനാകാത്ത സാഹചര്യമാണുണ്ടാകുന്നത്.

ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്ത്, വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച ദൃശ്യങ്ങളാക്കി പകര്‍ത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണ്. സാധാരണ ജീവിതത്തിലെ ലളിതമായ നിമിഷങ്ങളെ പോലും വിചിത്രവും ഉദ്ദേശ്യബോധമുള്ളതുമായ ക്യാപ്ഷനുകള്‍ നല്‍കി sensationalize ചെയ്യുകയും, അനാവശ്യ പ്രതികരണങ്ങളും നെഗറ്റിവിറ്റിയും സൃഷ്ടിക്കുകയും, അതിനെ monetise ചെയ്ത് ലാഭമാക്കുകയും ചെയ്യുന്ന പ്രവണത അതീവ അപലപനീയമാണ്.

ഇത്തരം ചാനലുകള്‍ എന്റെ പി ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന തരത്തില്‍ പ്രചരിക്കുന്ന തെറ്റിദ്ധാരണകള്‍ക്കും യാതൊരു അടിസ്ഥാനവുമില്ലെന്ന് ഞാന്‍ വ്യക്തമായി അറിയിക്കുന്നു. പൊതു ഇടങ്ങളിലാണെങ്കില്‍ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്. അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. യാതൊരു code of conduct-ഉം പാലിക്കാതെ, ഒരു മൊബൈല്‍ ഫോണുമായി എത്തി ഒരാളുടെ സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കടക്കുന്നത് അംഗീകരിക്കാനാവില്ല.

ഇത് എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം മാത്രമല്ല, എന്നോടൊപ്പമുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള അതിക്രമവും കൂടിയാണ്. മനുഷ്യന്റെ സ്വകാര്യത ലംഘിക്കുകയും, ഉദ്ദേശപൂര്‍വ്വം അപമാനിക്കാനും പ്രകോപിപ്പിക്കാനും ശ്രമിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ഉള്‍ക്കൊള്ളാനാവില്ല. ഇത്തരത്തിലുള്ള പാപ്പരാസി രീതികള്‍ തുടര്‍ന്നാല്‍, അത് വ്യക്തമായ stalking-ഉം privacy violation-ഉം ആയി കണക്കാക്കി ആവശ്യമായ നിയമനടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് വ്യക്തമാക്കുന്നു.

Content Highlights: Perambra MLA Fathima Thahliya has come out against paparazzi culture, raising concerns about privacy, ethical journalism

To advertise here,contact us