കൊച്ചി: കെഎസ്ആര്‍ടിസിയിലെ വനിതകളുടെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്ററുടെ പേരില്‍ വ്യാജ പ്രചാരണം. സിപിഐഎം വനിതകള്‍ സൗജന്യം സ്വീകരിക്കില്ലെന്നും പണം കൊടുത്ത് യാത്ര ചെയ്യും എന്നും എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞതായാണ് കാര്‍ഡുകള്‍ പ്രചരിച്ചത്. സംഭവത്തില്‍ അഡ്വ. കെ എസ് അരുണ്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണഅട്. എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് പരാതി നല്‍കിയത്. കവിത സുരേഷ്, ടോമി വൈരനാണിക്കല്‍, ജിന്‍സ് തുടങ്ങിയ പ്രൊഫൈലുകള്‍ക്കെതിരെയാണ് പരാതി നല്‍കിയത്. കാര്‍ഡുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തടയണം എന്നാണ് ആവശ്യം.
ഇന്നലെ മുതലാണ് സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന യുഡിഎഫ് സർക്കാരിന്റെ പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചത്. മുഖ്യമന്ത്രി വി ഡി സതീശനാണ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസില്‍ തമ്പാനൂര്‍ മുതല്‍ പെരുമാതുറ വരെയായിരുന്നു പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര.
സൗജന്യ യാത്രയ്ക്കായി സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായവും മാനദണ്ഡവുമല്ല. എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര അനുവദിച്ചതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഓര്‍ഡിനറി കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി കണ്സെഷന് ടിക്കറ്റ് ആവശ്യമില്ല. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും സൈഡിലുമായി 'പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര' എന്ന് എഴുതിയിട്ടുണ്ടാകും.
Content Highlights: KSRTC Woman free travel; fake cards in the name of mv govindan, complaint registered