തിരുവനന്തപുരം: ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ വി മനോജ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബാലാവകാശ കമ്മീഷന് മുന്‍ സെക്രട്ടറി. ബാലാവകാശ കമ്മീഷന് ഓഫീസില്‍ വെച്ച് അപമര്യാദയായി പെരുമാറിയതിന് പോഷ് ആക്ട് പ്രകാരം പരാതി കൊടുത്ത തനിക്കെതിരെ വ്യാജ പരാതി ഉണ്ടാക്കി സ്ഥലംമാറ്റിയതായി ഷൈനി ജോര്‍ജ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
തന്നെ അപമാനിക്കും വിധമുള്ള പെരുമാറ്റമാണ് മനോജ് കുമാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതതെന്നും ഷൈനി ജോര്‍ജ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്വാധീനം ഉപയോഗിച്ചാണ് തന്നോട് മോശമായി പെരുമാറിയത്. വിഷയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന് പരാതി നല്‍കുമെന്നും ഷൈനി പറഞ്ഞു.
'ഒരു കമ്മീഷന് മീറ്റിങ്ങ് കഴിഞ്ഞപ്പോള്‍ എനിക്കെതിരെ ആരോപണമുന്നയിച്ചു. കമ്മീഷന് സെക്രട്ടറി ഫയല്‍ ഫോളോ ചെയ്യുന്നില്ലെന്നായിരുന്നു ആരോപണം. ആ മീറ്റിങ്ങില്‍ വെച്ച് പുറത്ത് പറയാനാകാത്ത രീതിയിലുള്ള പരാമര്‍ശങ്ങള്‍ ഉന്നയിക്കുകയും നിങ്ങള്‍ വേറെ പണിക്ക് പോ എന്ന് എന്നോട് പറയുകയും ചെയ്തു. ഇതിന് പോഷ് ആക്ട് പ്രകാരമുള്ള കമ്മിറ്റിയില്‍ നിങ്ങള്‍ മറുപടി നല്‍കേണ്ടി വരുമെന്ന് ഞാന്‍ പറഞ്ഞു', ഷൈനി പറഞ്ഞു.
ഈ പ്രശ്നങ്ങള്‍ക്ക് ശേഷം താന്‍ ബാലാവകാശ കമ്മീഷന് സെക്രട്ടറിയായി പോകുമ്പോള്‍ എച്ച്ഒഡി എന്ന നിലയില്‍ ആഭ്യന്തര പരാതി സെല്ലിന്റെ ചെയര്‍പേഴ്സണാണ് നിയമിക്കപ്പെട്ടെന്നും ആ സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടെന്നും ഷൈനി കൂട്ടിച്ചേര്‍ത്തു. മനോജിനെതിരെ നടപടിയെടുക്കണമെന്നും തനിക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് പരാതി നല്കി. അതിന്റെ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മനോജ് തനിക്കെതിരെ ഒരു പരാതി ജയതിലക് ഐഎസിന് കൊടുത്തെന്നും ഷൈനി പറഞ്ഞു. ആ പരാതി അടിസ്ഥാനരഹിതമാണെന്നും ഒരുസ്ത്രീയും അവിടെ സുരക്ഷിതയല്ലെന്നും ഷൈനി പറഞ്ഞു.
Content Highlights: Serious allegations have been raised against Child Rights Commission Chairman KV Manoj Kumar by a former secretary of the commission