തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിലെ നിയമന വിവാദം പുനഃപരിശോധിച്ച പുതിയ ഉത്തരവ് പുറത്തിറങ്ങി. മുന്‍ ദേവസ്വം ക്ലര്‍ക്ക് ശ്യാം പ്രകാശിനെ കൊട്ടാരക്കര അസിസ്റ്റന്‍ഡ് ഓഡിറ്ററായി നിയമിച്ചു. ശ്യാം പ്രകാശിന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലായിരുന്നു നേരത്തെ നിയമനം. വിജിലന്‍സ് ഓഫീസറായി നിയമിച്ച വിഷ്ണു ജെ എസിനെ മുണ്ടക്കയം അസിസ്റ്റന്‍ഡ് ദേവസ്വം കമ്മീഷണര്‍ ആയി മാറ്റി നിയമിച്ചു. കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ മുഴുവന്‍ ആവശ്യങ്ങളും പരിഗണിച്ചാണ് പുതിയ ഉത്തരവ്. 20 പ്രധാനപ്പെട്ട നിയമനങ്ങളിലാണ് മാറ്റം ഉണ്ടായിരിക്കുന്നത്. ദേവസ്വം മന്ത്രി കെ മുരളീധരനാണ് ദേവസ്വം ബോര്‍ഡിന്റെ നിയമനത്തില്‍ വിയോജിപ്പ് അറിയിച്ചത്. ഇന്നും ദേവസ്വം ബോര്‍ഡ് വിഷയം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് പുനഃപരിശോധിച്ച പുതിയ ഉത്തരവ് പുറത്തിറക്കിയത്.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ആരോപണ വിധേയരായവരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിക്കെതിരെ മന്ത്രി കെ മുരളീധരൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്വര്‍ണക്കൊള്ളയില്‍ പങ്കുപറ്റിയവരെ മര്‍മ്മസ്ഥാനത്ത് നിയമിക്കുന്ന ഉത്തരവ് നടപ്പാക്കരുതെന്നാണ് മുരളീധരൻ പറഞ്ഞത്. ദേവസ്വം പ്രസിഡന്റ് ജയകുമാര്‍ നിഷ്പക്ഷനായ ആളായതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്. തിരുത്തിയില്ലെങ്കില്‍ ഈ ദേവസ്വം ബോര്‍ഡിനും സ്വർണക്കൊള്ളയില്‍ പങ്കുണ്ട് എന്ന ധാരണയില്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. സ്വര്‍ണക്കൊള്ളയില്‍ എസ്ഐടിയുടെ ചാര്‍ജ് ഷീറ്റിന് ശേഷം മാത്രമേ ഇടപെടാന്‍ കഴിയൂ. ചാര്‍ജ് ഷീറ്റിലെ കാര്യങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത ഉദ്യോഗസ്ഥനാണ് ശ്യാം പ്രകാശ്. സ്വര്‍ണക്കൊള്ള നടന്ന സമയത്ത് ശബരിമല സെക്ഷന്‍ ക്ലര്‍ക്കായിരുന്ന ശ്യാമിനെ അഡ്മിനിസ്ട്രേറ്റഷന്‍ ഓഫീസറാക്കിയാണ് നിയമിച്ചത്. വള്ളിയങ്കാവ് ദേവസ്വത്തിലായിരുന്നു നിയമനം നൽകിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ദേവസ്വം വകുപ്പ് മന്ത്രിയായ കെ മുരളീധരൻ വിഷയത്തില്‍ ഇടപെടുകയും ട്രാന്‍സ്ഫര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. വിജിലന്‍സ് ക്ലിയറന്‍സ് ലഭിച്ചതിനാലാണ് നിയമനമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. നിലവില്‍ ദേവസ്വം ബോര്‍ഡില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പദവിയാണ് ശ്യാം വഹിക്കുന്നത്.
Content Highlights: Appointment controversy in Devaswom Board; Accused transferred