പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്മാന് എ പത്മകുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക്. പത്മകുമാര്‍ നല്കിയ മറുപടി തൃപ്തികരമല്ലെന്നും തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എസ്ഐടി റിപ്പോര്‍ട്ട് കൂടി പാര്‍ട്ടി പരിശോധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
'പാര്‍ട്ടിക്ക് അതിന്റെ ചിട്ടകളുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ശബരിമല സ്വർണ്ണകൊള്ളയാണെന്ന് കണ്ടെത്തിയിട്ടില്ല. ചില സ്ഥലങ്ങളില്‍ ഇതും സ്വാധീനിച്ചിട്ടുണ്ട്. കുറ്റപത്രത്തിലെ കണ്ടെത്തലടക്കം പാര്‍ട്ടി വിശദീകരണം ആവശ്യപ്പെടും. പാര്‍ട്ടി കണ്ടെത്തിയ കാര്യങ്ങളിലും വിശദീകരണം ആവശ്യപ്പെടും. അന്വേഷണ വിധേയമായാണ് ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തത്. അങ്ങനെ ഒരു പൊതുവികാരം പാര്‍ട്ടിയില്‍ ഉയര്‍ന്നു വന്നിരുന്നു. ഇപ്പോഴത്തെ ആരോപണങ്ങളെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞിരിക്കുകയാണ്. പൗരന്മാര്ക്ക് ആത്മകഥ എഴുതാനുള്ള അവകാശമുണ്ട്. അവര്‍ എഴുതിക്കോട്ടെ, ആര്‍ക്കും പേടിയില്ല', തോമസ് ഐസക് പറഞ്ഞു.
ഇന്ന് ചേർന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗമാണ് ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പത്മകുമാറിനെ പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. സംസ്ഥാന സമിതിയുടെ അനുമതിയോടെയാണ് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നടപടി. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പത്മകുമാറിനെ പുറത്താക്കണമെന്ന് നേരത്തെ ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. എന്നാൽ കടുത്ത നടപടിയിലേക്ക് പോയില്ല.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ശബരിമല സ്വര്‍ണക്കൊള്ളയിലും യുവതീ പ്രവേശന വിഷയത്തിലും വെളിപ്പെടുത്തല്‍ നടത്തുമെന്ന് അടുത്ത സുഹൃത്തുക്കളോട് പത്മകുമാർ പറഞ്ഞുവെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിൽ പത്മകുമാറിനെതിരായ നടപടി സസ്പെൻഷനിൽ ഒതുക്കിയത് സമ്മർദ്ദത്തിന് വഴങ്ങിയാണോയെന്ന ചോദ്യം ഉയർത്തുന്നു. ഇപ്പോള്‍ സസ്പെന്ഷന് മാത്രമാണെന്നും തുടര്‍ തീരുമാനങ്ങള്‍ പിന്നീട് ആയിരിക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം റിപ്പോര്‍ട്ട് ചെയ്തു. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നടപടിക്രമങ്ങൾ ഉണ്ടെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
എഡിജിപി എസ് ശ്രീജിത്തിനേയും തന്നെയും ശബരിമലയില്‍ നിന്നും മാറ്റിയ ശേഷമാണ് യുവതികളെ മല കയറ്റിയതെന്ന് പത്മകുമാര്‍ അടുപ്പക്കാരോട് പങ്കുവെച്ചുവെന്നായിരുന്നു സൂചന. ശ്രീജിത്തിനെ ഡിജിപിയും തന്നെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും തിരുവനന്തപുരത്തേക്ക് എത്താന്‍ നിര്‍ദേശം നല്കി വിളിപ്പിച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ഓഫീസിലെ മുറിയില്‍ എത്തി ടി വി ഓണ്‍ ആക്കിയപ്പോഴാണ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചതായി അറിയുന്നതെന്നും ഇതിന് പിന്നില്‍ ചിലര്‍ പ്രവര്‍ത്തിച്ചുവെന്നുമാണ് ആരോപണം.
Content Highlights: thomas isaac reacts to suspension of former travancore devaswom board chairman