സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ഔദാര്യമല്ല, അഭിമാനത്തോടെ സർക്കാർ വണ്ടിയിൽ സൗജന്യമായി യാത്ര ചെയ്യാം: വി ഡി സതീശൻ

അധികാരമേറ്റ് ഒരുമാസം തികയുന്നതിന് മുമ്പ് വാ​ഗ്ദാനം പാലിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അധികാരത്തിലെത്തി ഒരുമാസം തികയുന്നതിന് മുമ്പ് കെഎസ്ആർടിസി ഓ‍ർഡിനറി ബസിൽ സ്ത്രീ യാത്രക്കാർക്ക് സൗജന്യം അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞത് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ. അധികാരമേറ്റ് ഒരുമാസം തികയുന്നതിന് മുമ്പ് വാ​ഗ്ദാനം പാലിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ഔദാര്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകൾക്ക് അഭിമാനത്തോടെ സർക്കാർ വണ്ടിയിൽ സൗജന്യമായി യാത്ര ചെയ്യാം. ഈ പദ്ധതികൊണ്ട് സാമ്പത്തിക സാമൂഹിക പ്രതിഫലനങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കെഎസ്ആർടിസി യാത്രക്കാർ സാധാരണ സ്ത്രീകൾ. മത്സ്യത്തൊഴിലാളി സ്ത്രീകൾ, പാവപ്പെട്ട സ്ത്രീകൾ, ഫ്ലാറ്റുകളിൽ ജോലി ചെയ്യുന്ന പാവപ്പെട്ടവർ, വിദ്യാർത്ഥിനികൾ, ജീവനക്കാർ, ആശുപത്രികളിലേയ്ക്കും ബാങ്കുകളിലേക്കും പോകുന്നവരാണ് കെഎസ്ആർടിസിയിലെ യാത്രക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്ആ‍ർടിസിയുടെ വരുമാനം വർധിപ്പിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ഗതാഗത മന്ത്രിയിലും ടീമിലും വിശ്വാസമെന്നും വി ഡി സതീശൻ വ്യക്തമാക്കി. പൊതുഗതാഗതം മികച്ചതാക്കണമെന്നതാണ് സർക്കാറിന്റെ സ്വപ്നമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. സ്വകാര്യ മേഖലയിൽ നഷ്ടം ഉണ്ടായാൽ സർക്കാർ നികത്തും. സൗജന്യ യാത്രയിലൂടെ സ്വകാര്യ മേഖലയ്ക്ക് ഉണ്ടാകുന്ന നഷ്ടം നികത്താൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെൻസ് അസോസിയേഷൻ സമരം രസകരമായി കാണുന്നു. പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ മിച്ചം വരുന്ന തുക ആരൊക്കെ വീട്ടിൽ നൽകും? ഒരു ചെറിയ ശതമാനം നൽകും. ബാക്കി തുക സർക്കാരിന് തന്നെ ലഭിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. പദ്ധതി സ്ത്രീകളോടുള്ള ആദരവാണെന്നും നിറകണ്ണോട് കേരളത്തിലെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്നും പറഞ്ഞാണ് വി ഡി സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

ഉദ്ഘാടനത്തിന് പിന്നാലെ തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയാണ് പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന യാത്രയിൽ മുഖ്യമന്ത്രി പങ്കാളിയായി. മന്ത്രിമാരായ സി പി ജോണും കെ എ തുളസിയും ഉദ്ഘാടന യാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മന്ത്രിമാരും സംഘവും തമ്പാനൂർ മുതൽ സെക്രട്ടറിയേറ്റ് വരെ സഞ്ചരിക്കും. കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂർ ഡിപ്പോയിലെ ഡ്രൈവർ ഷീലയായിരുന്നു ഉദ്ഘാടന സർവീസിൻ്റെ സാരഥി. ഉദ്ഘാടന ബസിലെ കണ്ടക്ടറും വനിതയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 20 വിഐപികൾ ബസിൽ യാത്ര ചെയ്തു. തൃശ്ശൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രിയദർശിനി പദ്ധതിക്ക് പച്ചക്കൊടി ചെയ്തു.Content Highlights: V D Satheesan stated that free bus travel for women is not a form of charity but a rightful public welfare measure. He urged women to travel proudly on government buses, emphasizing dignity, empowerment, and equal access to public transportation.

To advertise here,contact us