തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ വിഭാഗീയത നിഴലിച്ചുവെന്ന് സിപിഐഎം വിലയിരുത്തല്‍. സിപിഐഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വലതുപക്ഷ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പാര്‍ട്ടിക്കെതിരെ ബോധപൂര്‍വ്വമായി രൂപപ്പെട്ട വിമര്‍ശനങ്ങള്‍ അതേപോലെ അവതരിപ്പിക്കുന്നതിനാണ് ചില നേതാക്കള്‍ ശ്രമിച്ചത്. പഴയ വിഭാഗീയതുടെ അവശിഷ്ടങ്ങള്‍ മനസില്‍വെച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത അപൂര്‍വ്വം ചിലരുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവലോകന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.
പയ്യന്നൂരില്‍ നേരത്തേ പാര്‍ട്ടിക്ക് അകത്തുണ്ടായിരുന്ന വിഭാഗീയത തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉയര്‍ന്നുവന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി വോട്ടിന്റെ ചോര്‍ച്ചക്ക് അത് കൂടി കാരണമാണ്. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വലിയ വീഴ്ചയുണ്ടായി. ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്ത സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ക്ക് അനുമതി നല്കുമ്പോള് സംസ്ഥാന സെക്രട്ടറിയേറ്റിനും സംസ്ഥാന കമ്മിറ്റിക്കും വീഴ്ച സംഭവിച്ചതായാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
നേതാക്കള്‍ പാര്‍ട്ടി വിട്ട് യുഡിഎഫിന്റെ ബാനറില്‍ മത്സരിച്ചത് പാര്‍ട്ടിക്കെതിരായ പ്രചാരവേലയ്ക്ക് ഇടയാക്കിയെന്നും വിലയിരുത്തലുണ്ട്. വി കുഞ്ഞികൃഷ്ണന്, ടി കെ ഗോവിന്ദന്, ജി സുധാകരന് അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു വിലയിരുത്തല്‍. ഇത് പാര്‍ട്ടിയുടെ മതിപ്പ് കുറയ്ക്കാന്‍ ഇടയാക്കിയെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights- CPIM has assessed that factionalism influenced election discussions and contributed to shortcomings in the party's candidate selection process.