ന്യൂഡല്‍ഹി: റബര്‍ ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി ബിജെപി കോട്ടയം മേഖലാ പ്രസിഡന്റും റബര്‍ ബോര്‍ഡ് അംഗവുമായ എന്‍ ഹരിയെ നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. റബര്‍ ബോര്‍ഡിന് 18 മാസം സ്ഥിരം ചെയര്മാന് ഇല്ലായിരുന്നു. ചെയര്മാന് പദവിയില്‍ നിന്നും ഡോ. സവാര്‍ ധനാനിയ ഒഴിഞ്ഞ ശേഷം, വാണിജ്യ മന്ത്രാലയം സെക്രട്ടറിമാര്‍ക്കാണ് നേരത്തെ ചുമതല നല്‍കിയിരുന്നത്.
റബ്ബര്‍ബോര്‍ഡ് തലപ്പത്ത് ഇതാദ്യമായാണ് ഒരു രാഷ്ട്രീയ നേതാവിനെ നിയമിക്കുന്നത്. കോട്ടയം ആനിക്കാട് സ്വദേശിയായ എന്‍ ഹരി കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു.
അതേസമയം റബ്ബര്‍ ബോര്‍ഡ് ചെയര്മാന് സ്ഥാനം കേരളത്തിന് തന്നത് കേന്ദ്രത്തിന്റെ അംഗീകാരമാണെന്ന് എന്‍ ഹരി പ്രതികരിച്ചു. കര്‍ഷകര്‍ക്ക് സഹായം ചെയ്യുകയെന്നതാണ് പ്രഥമ ലക്ഷ്യം. റബ്ബറിന്റെ അനന്തസാധ്യതകള്‍, കര്‍ഷകരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവ പരിഗണിക്കും. കോട്ടയത്തെ റബ്ബര്‍ ബോര്‍ഡ് ആസ്ഥാനം മാറ്റില്ലെന്നും എന്‍ ഹരി പ്രതികരിച്ചു.
Content Highlights: N Hari has been appointed as the Chairman of the Rubber Board of India