രാഹുൽ ഗാന്ധിയുടെ പ്രസംഗം; കോൺഗ്രസ്-CPIM ബന്ധം ഉലയുന്നു, സഖ്യ ചർച്ച ഉണ്ടായേക്കില്ല

അടുത്ത യോഗത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനാണ് സിപിഐഎം തീരുമാനം

ന്യൂഡല്‍ഹി: ഇന്‍ഡ്യ സഖ്യത്തില്‍ കോണ്‍ഗ്രസ്, സിപിഐഎം ബന്ധം കൂടുതല്‍ ഉലയുന്നു. ഇരുപാര്‍ട്ടികളും നടത്താനിരുന്ന സഖ്യ ചര്‍ച്ചകള്‍ ഉണ്ടായേക്കില്ല. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്യാനാകില്ലെന്ന് ഇന്‍ഡ്യ സഖ്യ യോഗത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം കോണ്‍ഗ്രസ് പുറത്തുവിട്ടതാണ് സിപിഐഎമ്മിനെ ചൊടിപ്പിച്ചത്.

അടുത്ത യോഗത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനാണ് സിപിഐഎം തീരുമാനം. ഇരുപാര്‍ട്ടികള്‍ക്കിടയിലും നിലനില്‍ക്കുന്ന ശീതയുദ്ധം പരിഹരിക്കാന്‍ ചര്‍ച്ചയാകാമെന്ന് ജൂണ്‍ എട്ടിലെ യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ അത്തരമൊരു ചര്‍ച്ചയ്ക്കുള്ള സാധ്യത മങ്ങുകയാണ്. രാഹുല്‍ ഗാന്ധി തന്നെയായിരുന്നു സമവായ ചര്‍ച്ചകള്‍ക്ക് ജോണ്‍ ബ്രിട്ടാസിനെ താല്‍പര്യം അറിയിച്ചത്. നേതൃത്വവുമായി ആലോചിച്ച് ചര്‍ച്ചയ്ക്ക് വഴിതുറക്കാനായിരുന്നു നീക്കം. അതിനിടെയാണ് ഇന്‍ഡ്യ സഖ്യ യോഗത്തില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം കോണ്‍ഗ്രസ് പുറത്തുവിടുന്നത്.

പിണറായി വിജയനെ ആലിംഗനം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ താന്‍ തയ്യാറല്ലെന്നും അദ്ദേഹവുമായി വ്യക്തമായ രാഷ്ട്രീയ പോരാട്ടം ഉണ്ടെന്നുമായിരുന്നു രാഹുല്‍ പ്രസംഗിക്കുന്നത്. ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാര്‍ത്ഥ്യം മനസ്സിലാക്കി വേണം ഇന്‍ഡ്യ സഖ്യം മുന്നോട്ടുപോകാന്‍. ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടേതായ നിലപാടും നിലനില്‍പ്പുമുണ്ട്. എന്നാല്‍ ഇന്‍ഡ്യ എന്ന ആശയം പ്രതിരോധത്തിലാകുമ്പോള്‍ പ്രതിപക്ഷം ഒറ്റകെട്ടാകും. അത്തരം സാഹചര്യത്തില്‍ ഡിഎംകെയോടും കൈകോര്‍ക്കാനാകും എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ ഇടതു നേതാക്കള്‍ രംഗത്തെത്തി. സഖ്യനേതാക്കള്‍ പരസ്പരം വിമര്‍ശനം ഉന്നയിക്കുമ്പോള്‍ മര്യാദ പാലിക്കണം എന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. കോണ്‍ഗ്രസിന്റെ സമീപനം ഇന്‍ഡ്യ സഖ്യത്തെ തകര്‍ക്കുന്നതാണെന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മറുപടി നല്‍കി. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുല്‍ഗാന്ധി ആലിംഗനം ചെയ്തത് പിണറായി വിജയന്‍ ഓര്‍മിപ്പിക്കുകയും ചെയ്തു. യോഗത്തിലെ മറ്റു പ്രസംഗങ്ങള്‍ കൂടി പുറത്തുവിടണം എന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപിയുടെ ആവശ്യം.

ഓഗസ്റ്റില്‍ ഹൈദരാബാദില്‍ ചേരുന്ന അടുത്ത ഇന്‍ഡ്യ സഖ്യയോഗത്തില്‍ ഇടതു പാര്‍ട്ടികള്‍ രാഹുല്‍ ഗാന്ധിയെ അതൃപ്തി അറിയിക്കും. സിപിഐഎം-ബിജെപി ഡീല്‍ ഉണ്ടെന്ന തെരഞ്ഞെടുപ്പ് കാലത്തെ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ സിപിഐഎമ്മില്‍ അമര്‍ഷം പുകയുന്നതിനിടയാണ് പുതിയ വിവാദം.

Content Highlights: Tensions within the INDIA alliance have reportedly increased between Congress and CPIM following remarks attributed to Rahul Gandhi, leading to friction over alliance coordination

To advertise here,contact us