മാനന്തവാടി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കും. അതില്‍ അടിയന്തര സഹായം എന്ന നിലയില്‍ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ബാക്കി തുക നല്‍കുമെന്നും മാനന്തവാടി എംഎല്‍എ ഉഷ വിജയന് പറഞ്ഞു. ആശ്രിതര്‍ക്ക് സ്ഥിര നിയമനം നല്‍കുന്നതിനായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും ഫെന്‍സിംഗ് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്നും ഉഷ വിജയന് പറഞ്ഞു.
ജില്ലയില്‍ ഉണ്ടായിട്ടും എംഎല്‍എ സംഭവസ്ഥലത്ത് എത്താത്തതില്‍ ശക്തമായ ജനരോക്ഷം ഉയര്‍ന്നിരുന്നു. ശേഷം മന്ത്രിയെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി ധനസഹായത്തില്‍ ഉള്‍പ്പെടെ തീരുമാനം ആയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 'ഭരണത്തിന്റെ മുഖം നോക്കി സംസാരിക്കുന്ന ആളുകളല്ലേ ഇവിടെയുള്ളത്. ആരും എന്താ മിണ്ടാത്തത്. പ്രതികരിക്കാന്‍ ആളില്ലല്ലോ. ഇടതുപക്ഷം ആയിരുന്നെങ്കില്‍ ഇവിടെ എന്തായിരുന്നേനെ. ഇത് പരിഹരിക്കാന്‍ ബഹുമാനപ്പെട്ട അദ്ദേഹം ഇവിടെ വരുമോ? ബന്ധപ്പെട്ട എംഎല്‍എ എവിടെ? ചര്‍ച്ചയ്ക്ക് തയ്യാറാണ്' എന്നാണ് പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞത്.
കാട്ടാനയാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രാജു ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. വാരിയെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനിരിക്കെയാണ് മരണം.
വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരിയില്‍ ജനവാസ മേഖലയില്‍ ഒറ്റയാന് ഇറങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ന് രാവിലെയോടെയാണ് ഒറ്റയാന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. ജനവാസ മേഖലയില്‍ ആന നിലയുറപ്പിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു. തുടര്‍ന്ന് വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
Content Highlights: The government has announced ₹14 lakh as financial assistance for the family of Raju, who was killed in a wild elephant attack