തിരുവനന്തപുരം: ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ക്ക് ആശ്വാസമായി പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഗതാഗതവകുപ്പ് മന്ത്രി സി പി ജോണ്‍. നാല്പതില് നിന്നും അറുപതിലേക്ക് ടെസ്റ്റുകളുടെ എണ്ണം കൂട്ടാനാണ് ആലോചനയെന്ന് മന്ത്രി പറഞ്ഞു. കൂടാതെ ഡ്രൈവിങ് ടെസ്റ്റിലെ തടസങ്ങള്‍ നീക്കാന്‍ പ്രായോഗിക നടപടിയെടുക്കുമെന്നും നടപടിയാകാത്ത ടെസ്റ്റുകള്‍ സമയബന്ധിതമായി നടത്താന്‍ നടപടി വേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ടിഒമാരുടെ കുറവ് ഉടന്‍ പരിഹരിക്കാനായി മൂന്ന് ഘട്ടങ്ങളായി ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു. റിപ്പോര്‍ട്ടർ ടിവിയോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
'ഡ്രൈവിങ് ടെസ്റ്റുകള്‍ അതിന്റെ തടസങ്ങള്‍ മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. ടെസ്റ്റുകളുടെ എണ്ണം കൂട്ടുക, അത് വൃത്തിയായി നടപ്പിലാക്കുക എന്നതും ആലോചനയിലാണ്. ആര്‍ടിഒകളുടെ കുറവ് പരിഹരിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. അതിന്റെ മൂന്ന് നാല് ഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞു'- സി പി ജോണ്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
മുന്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറാണ് ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം ചുരുക്കി നാല്‍പതാക്കിയത്. ടെസ്റ്റുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നടപടിയാണെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഇതിനെതിരെ ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. പുതിയ മന്ത്രി ചുമതലയേറ്റ ശേഷമാണ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പഴയതുപോലെ അറുപത് ടെസ്റ്റുകള്‍ നടത്താനുള്ള അനുമതി നല്‍കാനാണ് തീരുമാനം. ടെസ്റ്റുകള്‍ വലിയ രീതിയില്‍ പെന്‍ഡിങ് വരുന്നത് ലൈസന്‍സ് എടുക്കാന്‍ വരുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
വിദേശത്തേക്ക് പോകാന്‍ കാത്തിരിക്കുന്നവര്‍, പല ജില്ലകളില്‍ നിന്നും എത്തുന്നവര്‍ തുടങ്ങി നിരവധി പേര്‍ക്ക് മുന്‍ സര്‍ക്കാരിന്റെ പരിഷ്കാരം തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് പുനരാലോചന. ഇതിന് പുറമേ ടെസ്റ്റിനായുള്ള സ്ലോട്ട് ലഭിക്കാനുള്ള പരിമിതി, ടെസ്റ്റ് പരാജയപ്പെട്ടാല്‍ റീടെസ്റ്റിനായി സമയം അനുവദിക്കുന്നതിനുള്ള കാലതാമസം എന്നിവയും ആളുകളെ വലച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ പരാതി നല്‍കിയിരുന്നു.
സംസ്ഥാനത്ത് പത്തിടങ്ങളില്‍ ആര്‍ടിഒമാരുടെ അഭാവമുണ്ട്. ആലപ്പുഴയില്‍, കോട്ടയം, ഇടുക്കി, കോഴിക്കോട്, വടകര എന്നിവിടങ്ങളില്‍ ആര്‍ടിഒ അല്ലെങ്കില്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒമാരുടെ കുറവുണ്ട്. ഇതിനാല്‍ വാഹനങ്ങളുടെ പെര്‍മിറ്റ് അടക്കം നല്കുന്നതില് പ്രശ്നങ്ങളുണ്ട്. ഡ്രൈവിങ് ലൈന്‍സ് വിതരണം, ഓഫീസ് കാര്യ നിര്‍വഹണം എന്നിവയ്ക്ക് അടക്കം തടസം നേരിടുന്ന സാഹചര്യമുണ്ട്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കഴിഞ്ഞാല്‍ ഓഫീസ് കാര്യങ്ങളില്‍ ചുമതല വഹിക്കുന്നത് ആര്‍ടിഒമാരാണ്. ആര്‍ടിഒ ഒഴിവുകള്‍ പരിഹരിക്കുന്നതോടെ ഉദ്യോഗസ്ഥരുടെ മുടങ്ങിക്കിടക്കുന്ന പ്രോമോഷന്, താഴെത്തട്ടിലെ തസ്തികളിലേക്ക് പുതിയ ആളുകളുടെ നിയമനം. മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ ക്ഷാമം എന്നിവയ്ക്ക് അടക്കം പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Transport Minister says government is considering an increase in the number of driving tests, bringing relief to driving school owners. The decision is expected to ease existing bottlenecks in the licensing process and help driving schools manage candidate demand more effectively. Authorities are expected to implement the revised test allocations through the transport department.