കൊച്ചി: താരസംഘടനയായ അമ്മയിലെ വിവാദങ്ങളില്‍ പ്രതികരിച്ച് നടി മാല പാര്‍വതി. അന്‍സിബയോട് യോജിക്കുന്നുവെന്ന് മാല പാര്‍വതി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അന്‍സിബ പറയുന്നത് ലോജിക്കും സത്യസന്ധവുമായ കാര്യങ്ങളാണെന്നും അമ്മ നേതൃത്വം മൂന്നോ നാലോ ഗ്രൂപ്പായി മാറിയെന്നും ക്ഷേത്ര സ്പോണ്‍സര്‍ഷിപ്പിന്റെ പേരിലാണ് നിലവിലെ തര്‍ക്കങ്ങള്‍ ഉടലെടുത്തതെന്നും മാല പാര്‍വതി പറഞ്ഞു.
'ശ്വേതയും കുക്കുവും ആദ്യം ഒരുമിച്ചായിരുന്നു. മെമ്മറി കാര്‍ഡിന്റെ പേരിൽ കുക്കുവുമായി പ്രശ്നം ഉണ്ടായിരുന്നു. ക്ഷേത്രം- സ്പോണ്‍സര്‍ഷിപ്പിനെ അന്‍സിബ എതിര്‍ത്തു. സന്തോഷ് കീഴാറ്റൂരും എതിര്‍ത്തു. ശ്വേതക്ക് പണം വാങ്ങി പ്രോഗ്രാം നന്നായി നടത്തണമെന്നായിരുന്നു ആഗ്രഹം. പ്രസിഡന്റിനെ അറിയിക്കാതെ മീറ്റിങ്ങുകള്‍ നടത്തി എന്ന് ആരോപണമുയര്‍ന്നു അന്ന് തുടങ്ങിയ പ്രശ്നങ്ങളാണ് വലുതായത്', മാലാ പാര്‍വതി പറഞ്ഞു.
സ്പോണ്‍സര്‍ഷിപ്പിന് ഒരു മാര്‍ക്കറ്റിങ് ടീം രൂപീകരിച്ചെന്നും സിജോയ് വര്‍ഗീസ്, ടിനി ടോം, കൈലാസ് എന്നിവര്‍ ഉള്‍പ്പെട്ടിരുന്നുവെന്നും മാല പറഞ്ഞു. അവിടെ കമ്മീഷന് വിഷയം ഉയര്‍ന്നു. അതിനെ അന്‍സിബ എതിര്‍ത്തു. കുടുംബസംഗമത്തിന് സ്റ്റീഫന്‍ ദേവസിയുടെ പ്രോഗ്രാം നിശ്ചയിച്ചിരുന്നു. 15 ലക്ഷമാണ് അതിന് നിശ്ചയിച്ചത്. അത്രയും വലിയ തുക അന്‍സിബ എതിര്‍ത്തെന്നും അതൊന്നും ഭാരവാഹികള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.
അമ്മയിലെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് ഫോണ്‍ എടുക്കാറില്ലെന്നും പ്രതികരിക്കാതെ ഒളിച്ചിരിക്കുന്നുവെന്നും മാല പാര്‍വതി പ്രതികരിച്ചു. വിവാദമായ ലക്ഷ്മി പ്രിയയുടെ ശബ്ദസന്ദേശം അപമാനകരമാണെന്നും അന്ന് നടപടി എടുത്തിരുന്നെങ്കില്‍ പ്രശ്നം പിന്നീട് വഷളാകില്ലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'നീന കുറുപ്പ് ടിനിക്കും ലക്ഷ്മി പ്രിയക്കും എതിരെ അയച്ച പരാതി പരിഗണിച്ചില്ല. അന്‍സിബയെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടിനി പിന്തുണച്ചിരുന്നു. ഇപ്പോള്‍ സ്വന്തം നിലക്ക് അന്‍സിബ അഭിപ്രായം പറഞ്ഞപ്പോള്‍ അതൃപ്തിയായി', മാല പാര്‍വതി പറഞ്ഞു.
സ്ത്രീകള്‍ നേതൃത്വത്തിലേക്ക് വരേണ്ടെന്ന് താന്‍ പറഞ്ഞത് വൈകാരികമായെന്നും കുക്കു സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന് പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു. ടിനി ടോം പറഞ്ഞത് അന്‍സിബ കേട്ടതാണെന്നും നീനാ കുറുപ്പിന്റെ ഫോണില്‍കൂടിയാണ് കേട്ടതെന്നും മാല പറഞ്ഞു. പ്രേംനസീര്‍ വിഷയത്തില്‍ ടിനി ടോം എയറിലായപ്പോള്‍ പരിഹാരം കണ്ടത് അന്‍സിബയാണെന്നും മാല പാര്‍വതി പറഞ്ഞു.
അതേസമയം രഹസ്യമായി യൂട്യൂബേഴ്സിന് വാര്‍ത്ത ചോര്‍ത്തിക്കൊടുത്ത് അപമാനിക്കാറുണ്ടെന്നും തിന് അവസരം നല്‍കാതെ മാധ്യമങ്ങളില്‍ തുറന്നു പറയുന്നതില്‍ തെറ്റില്ലെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.
Content Highlights: Mala Parvathy supports Ansiba Hassan on AMMA issues