വിഡിഎസ് മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞയ്ക്കായി തലസ്ഥാനം സജ്ജം

വി ഡി സതീശന് പുറമേ 20 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 13ാം മുഖ്യമന്ത്രിയായി വി ഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഒപ്പം 20 മന്ത്രിമാരും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വെച്ച് അധികാരമേല്‍ക്കും. ഇന്ന് പത്ത് മണിക്കാണ് സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്കാ ഗാന്ധി, കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു എന്നിവര്‍ സത്യപ്രതിജ്ഞയ്‌ക്കെത്തും. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് എത്തിച്ചേരുമെന്ന വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കുന്നില്ല.

വി ഡി സതീശന് പുറമേ കോണ്‍ഗ്രസ് മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി എന്നിവരും മുസ്‌ലിം ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവരും ഘടകകക്ഷികളായ സി പി ജോണ്‍ (സിഎംപി), ഷിബു ബേബി ജോണ്‍ (ആര്‍എസ്പി), അനൂപ് ജേക്കബ് (കേരള ജോണ്‍ഗ്രസ് ജേക്കബ്), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്) എന്നിവരും സത്യപ്രതിജ്ഞ ചെയ്യും.

വേദിയില്‍ ഗവര്‍ണര്‍ക്കൊപ്പം നിയുക്ത മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതിയെന്നാണ് ലോക്ഭവന്‍ അറിയിച്ചത്. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ വേദിയുടെ താഴെ ഇരിക്കേണ്ടി വരും. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്കും വേദിയിലേക്ക് പ്രവേശനം ഉണ്ടാകില്ല.

വകുപ്പുകളെല്ലാം തീരുമാനമായിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം വി ഡി സതീശന്‍ പ്രതികരിച്ചത്. വകുപ്പ് നിര്‍ദേശം ഇന്ന് സമര്‍പ്പിക്കുമെന്നും നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, ബിജെപി സംസ്ഥാന അധ്യക്ഷനും നിയുക്ത എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖരൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. കേരളത്തിലെ മുഖ്യമന്ത്രി വിമര്‍ശനത്തിന് അതീതനല്ലെന്നും തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പുതുയുഗ കേരളത്തിന് തുടക്കമിടുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഒരു കോണ്‍ഗ്രസ് നേതാവും ഒരു വ്യക്തിയ്ക്ക് വേണ്ടിയും അനാവശ്യ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും വീതംവെപ്പ് അല്ല നടന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ കറുത്ത കാറില്‍ യാത്ര ചെയ്യില്ല എന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും പുതിയ കാര്‍ വാങ്ങില്ലെന്നാണ് പറഞ്ഞത്. കറുത്ത കാര്‍ ഉപയോഗിക്കും. മൂന്ന് വാഹനങ്ങളില്‍ കൂടുതല്‍ കോണ്‍വോയില്‍ വേണ്ട എന്ന് അറിയിച്ചിട്ടുണ്ട് എന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Content Highlights: V D Satheesan take oath as CM in today

To advertise here,contact us