തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത് നാണംകെട്ട തോൽവി, ജനവികാരം മനസിലാക്കാൻ കഴിഞ്ഞില്ല: പി കെ ശ്രീമതി

തോല്‍വിയുടെ ഉത്തരവാദിത്വം ഒരാള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും ശ്രീമതി പറഞ്ഞു

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ടത് നാണംകെട്ട തോല്‍വിയാണെന്ന് സിപിഐഎം നേതാവ് പി കെ ശ്രീമതി. തോല്‍വി പഠിക്കുമെന്നും തോല്‍ക്കാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും ശ്രീമതി പറഞ്ഞു. തെരഞ്ഞെടുപ്പിനെ പാര്‍ട്ടി ഒറ്റക്കെട്ടായാണ് നേരിട്ടതെന്നും തോല്‍വിയുടെ ഉത്തരവാദിത്വം ഒരാള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും ശ്രീമതി പറഞ്ഞു.

പയ്യന്നൂരിലെ തോല്‍വിയിലും ശ്രീമതി പ്രതികരിച്ചു. ജനവികാരം മനസിലാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും പയ്യന്നൂരിലെ കാറ്റ് തൃക്കരിപ്പൂരിലും വീശിയെന്നുമാണ് ശ്രീമതി പറഞ്ഞത്. പിണറായി വിജയന്‍ യുവനേതാക്കള്‍ക്ക് മാറിക്കൊടുക്കേണ്ട സമയമായി എന്ന സിപിഐഎം മുന്‍ പൊളിറ്റ് ബ്യൂറോ അംഗം ഹനന്‍ മൊളളയുടെ പ്രതികരണം അഭിപ്രായപ്രകടനം മാത്രമാണെന്നും അവര്‍ പറഞ്ഞു. പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് സ്വാഗതാര്‍ഹമാണെന്നും ശ്രീമതി കൂട്ടിച്ചേർത്തു.

പിണറായി നേതൃത്വം കൈമാറണമെന്നും മാറി കൊടുക്കുന്നതാണ് ഭാവിക്ക് നല്ലതെന്നുമാണ് ഹനൻ മൊളള പറഞ്ഞത്. റിപ്പോർട്ടർ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടുത്ത അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ പിണറായിക്ക് നയിക്കാന്‍ കഴിയില്ലെന്നും ആദര്‍ശപരമായി നയിക്കാന്‍ കഴിഞ്ഞാലും ശാരീരികമായ പ്രയാസങ്ങള്‍ ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുവര്‍ഷം കഴിയുംതോറും ഭരണമാറ്റം ഉണ്ടാകുന്ന സ്ഥലമാണ് കേരളം. അഞ്ചുവര്‍ഷം കൂടുമ്പോള്‍ മാറി ചിന്തിക്കുന്ന മനുഷ്യരാണ് കേരളത്തിലേത്. പത്തുവര്‍ഷം നല്‍കിയത് സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനംകൊണ്ടാണെന്നും ഹനന്‍ മൊളള പറഞ്ഞിരുന്നു.

Content Highlights: 'The party faced a shameful defeat in the elections'; PK Sreemathy Teacher

To advertise here,contact us