വിശിഷ്ടാതിഥികൾക്കും വേദിയിൽ ഇരിപ്പിടം ഒരുക്കണം; ലോക്ഭവനോട് ആശയവിനിമയം നടത്തി മുഖ്യമന്ത്രിയുടെ ഓഫീസ്

മറ്റുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് വേദിയില്‍ പ്രവേശനം അനുവദിക്കില്ലെന്നാണ് ലോക്ഭവന്‍ വ്യക്തമാക്കുന്നത്

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങ് വേദിയില്‍ വിവിഐപികള്‍ക്കും ഇരിപ്പിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് ലോക്ഭവനുമായി ആശയവിനിമയം നടത്തി മുഖ്യമന്ത്രിയുടെ ഓഫീസ്. എന്നാല്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും മാത്രമാണ് വേദിയിലേക്ക് പ്രവേശനം അനുവദിക്കുകയെന്ന കടുംപിടിത്തത്തിലാണ് ലോക്ഭവന്‍. മറ്റുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് വേദിയില്‍ പ്രവേശനം അനുവദിക്കില്ലെന്നാണ് ലോക്ഭവന്‍ വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കുപുറമെ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു എന്നിവര്‍ സത്യപ്രതിജ്ഞയ്ക്കെത്തും. തമിഴ്നാട് മുഖ്യമന്ത്രി വിജയ് എത്തിച്ചേരുമെന്ന വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കുന്നില്ല.

വേദിയില്‍ ഗവര്‍ണര്‍ക്കൊപ്പം നിയുക്ത മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതിയെന്നാണ് ലോക്ഭവന്‍ അറിയിച്ചത്. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വേദിയുടെ താഴെ ഇരിക്കേണ്ടി വരും. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും വേദിയിലേക്ക് പ്രവേശനം ഉണ്ടാകില്ല. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ഇരിക്കാന്‍ പ്രത്യേകം പവലിയന്‍ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ വശങ്ങളിലുളള ഗ്യാലറികളിലും ആളുകള്‍ക്ക് ചടങ്ങ് കാണാനായി പ്രത്യേകം പന്തലുകള്‍ കെട്ടിയിട്ടുണ്ട്.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ഇന്ന് രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. അമ്പതിനായിരം പേരെ ഉള്‍ക്കൊളളാവുന്ന രീതിയിലാണ് പന്തലിന്റെ വിസ്തൃതി. പൊതുജനങ്ങള്‍ക്ക് സത്യപ്രതിജ്ഞ കാണുന്നതിനായി ആറ് കേന്ദ്രങ്ങളില്‍ എല്‍ഇഡി വാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങളുണ്ട്. സത്യപ്രതിജ്ഞ കാണാനെത്തിയ പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് തലസ്ഥാനം.

Content Highlights: Seating should be provided on stage for distinguished guests CM's Office to Lokbhavan

To advertise here,contact us