തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ യോഗം പൂർണമായി. കാലത്ത് പ്രഖ്യാപിച്ച അഞ്ചിൽ രണ്ട് ഗ്യാരണ്ടി ഇപ്പോള്‍ നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. കെഎസ്ആർടിസി ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര, വയോജനങ്ങൾക്കായുള്ള പ്രത്യേക വകുപ്പുമാണ് ഇന്ന് പ്രഖ്യാപിച്ചത്.
ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചെന്നും തൻ്റെ അറിവിൽ രാജ്യത്ത് ആദ്യമായി കേരളത്തിലാണ് വയോജനങ്ങൾക്കായി വകുപ്പ് രൂപീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ആശ വർക്കർമാർക്ക് നൽകിയ വാക്ക് പാലിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആശമാരുടെ ഓണറേറിയം കൂട്ടാന്‍ തീരുമാനിച്ചെന്നും 3000 രൂപയുടെ വര്‍ദ്ധനവായിരിക്കും ഉണ്ടാവുകയെന്നും വി ഡി സതീശന് പറഞ്ഞു. വിരമിക്കല്‍ ആനുകൂല്യം സംബന്ധിച്ച് അടുത്ത ഒരു മാസത്തിനുള്ളില്‍ തീരുമാനിക്കുമെന്നും വാക്ക് പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ആദ്യഘട്ടത്തില്‍ ആണ് 3000 രൂപ വര്‍ദ്ധിപ്പിക്കുന്നത്. ഇതോടെ ആശമാരുടെ ഓണറേറിയം 12000 രൂപയാകും. അങ്കണവാടി ജീവനക്കാരെ പരിഗണിക്കും. 1000 രൂപ വര്‍ധിപ്പിക്കും. പാചക തൊഴിലാളികളുടെ വേതനം 1000 രൂപ വര്‍ധിപ്പിക്കും. പ്രീ പ്രൈമറി ടീച്ചര്മാര്, ആയമാര്‍ എന്നിവരുടെ ഓണറേറിയം 1000 രൂപയായും വര്‍ധിപ്പിക്കും', വി ഡി സതീശന് പറഞ്ഞു.
നിയമസഭാ സമ്മേളനം മെയ് 21ന് നടക്കുമെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു. 22ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. അമ്പലപ്പുഴ നിയുക്ത എംഎല്‍എ ജി സുധാകരനെ പ്രൊ ടൈം സ്പീക്കര്‍ ആക്കും. അഡ്വ ജനറല്‍ ആയി അഡ്വ. ജെയ്ജു ബാബുവിനെയും ടി അസഫലിയെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ആക്കാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഗണ്മാന്മാര് ആക്രമിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ തീരുമാനിച്ചെന്നും വി ഡി സതീശന് പറഞ്ഞു. 'പുനരന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്തും. എസ്ഐടിയില്‍ ആരൊക്കെ എന്നത് ആഭ്യന്തരവകുപ്പ് തീരുമാനിക്കും. വകുപ്പുകള്‍ എല്ലാം കൃത്യ സമയത്ത് അറിയും. റെക്കോര്‍ഡ് വേഗത്തില്‍ ആണ് എല്ലാം ചെയ്യുന്നത്', മുഖ്യമന്ത്രി പറഞ്ഞു.
സൗജന്യ യാത്രയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പിന്നീട് അറിയിക്കുമെന്നും സെക്രട്ടറിയേറ്റിലേക്കുള്ള മാധ്യമങ്ങളുടെ വിലക്ക് പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ധവള പത്രം ഇറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlights: CM VD Satheesan says first cabinet disicions