കോഴിക്കോട്: വി ഡി സതീശന് മന്ത്രിസഭയിലെ മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ച് ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അഞ്ച് മന്ത്രിമാരെയാണ് പ്രഖ്യാപിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി, എന്‍ ഷംസുദ്ദീന്, കെ എം ഷാജി, പി കെ ബഷീര്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് ലീഗിന്റെ മന്ത്രിമാര്‍. ലീഗിലും ടേം വ്യവസ്ഥയുണ്ട്. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ കോഴിക്കോട് ജില്ലയില്‍ നിന്നും പ്രാതിനിധ്യമുണ്ടാകുമെന്നും പാറക്കല്‍ അബ്ദുളള മന്ത്രിയാകുമെന്നും സാദിഖലി തങ്ങള്‍ അറിയിച്ചു. ആരാകും മാറുക എന്നത് സംബന്ധിച്ച് തീരുമാനം പിന്നീടുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിസ്ഥാനത്തില്‍ തര്‍ക്കം തുടരുന്നതിനിടെ കോഴിക്കോടിന് മന്ത്രിമാരില്ല എന്നാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. പാറയ്ക്കല്‍ അബ്ദുളളയെ മന്ത്രിയാക്കാത്തതിനെതിരെയാണ് പ്രതിഷേധമുയര്‍ന്നത്. കോഴിക്കോടിന്റെ പോഷക സംഘടനയായ ഐഎന്‍ടിയുസി പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജില്ലയില്‍ നിന്ന് കോണ്‍ഗ്രസ് പ്രതിനിധിയായി ജയന്തും ലീഗ് പ്രതിനിധിയായി പാറക്കല്‍ അബ്ദുളളയും പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം ഇരുവരെയും ഒഴിവാക്കുകയായിരുന്നു.
കോഴിക്കോടിന് മന്ത്രി വേണമെന്ന പ്രവര്‍ത്തകരുടെ ആവശ്യത്തില്‍ ഷാഫി പറമ്പില്‍ എംപിയുടെ ഇടപെടലുണ്ടായിരുന്നു. ലീഗ് മന്ത്രിമാരുടെ ലിസ്റ്റില്‍ തിരുത്തലിനാണ് നീക്കം നടത്തിയത്. ടേം വ്യവസ്ഥയില്‍ പാറക്കല്‍ അബ്ദുളളയെ ഉള്‍പ്പെടുത്തണം എന്നാണ് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടത്.
Content Highlights: Muslim League announces ministers; Parakkal Abdullah will also be a minister under the term system