തിരുവനന്തപുരം: എം വിന്‍സെന്റിന് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ അതൃപ്തി പ്രകടമാക്കി ലത്തീന്‍ സഭ. സത്യപ്രതിജ്ഞ ബഹിഷ്കരിക്കാനാണ് സഭയുടെ തീരുമാനം. ഫിഷറീസ് വകുപ്പ് ലീഗിന് നല്‍കിയതിലും സഭയ്ക്ക് അതൃപ്തിയുണ്ട്. യുഡിഎഫിന് പരസ്യ പിന്തുണ നല്‍കിയിട്ടും ലത്തീന്‍ സഭയെ പരിഗണിച്ചില്ല എന്നാണ് ആക്ഷേപം. ലത്തീന്‍ സഭയെ അവഗണിച്ചാണ് മന്ത്രിസഭാ രൂപീകരണമെന്നും സഭയെ വോട്ട് ബാങ്ക് ആയി മാത്രം കണ്ടെന്നും ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര പറഞ്ഞു.
'മന്ത്രിസഭാ രൂപീകരണത്തില്‍ സഭയെ പൂര്‍ണമായും അവഗണിച്ചു. തീരദേശ ജനപ്രതിനിധികളെ വിജയിപ്പിക്കാന്‍ നിര്‍ണായക പങ്കാണ് സഭ വഹിച്ചത്. തീരുമാനം നിരാശാജനകമാണ്. അമര്‍ഷവും അതൃപ്തിയും രേഖപ്പെടുത്തി. നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ലത്തീന്‍ സഭ പ്രതിനിധികള്‍ പങ്കെടുക്കുന്നതില്‍ പുനരാലോചന നടത്തും'- യൂജിന്‍ പെരേര പറഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങില്‍ 5 പാസുകളാണ് ലത്തീന്‍ അതിരൂപതയ്ക്ക് നല്‍കിയിരുന്നത്.
അതേസമയം, പ്രതികരണവുമായി നിയുക്ത എംഎല്‍എ എം വിന്‍സെന്റ് രംഗത്തെത്തി. സഭ പറയുന്നത് സഭയുടെ ഭാഗമാണെന്നും കോണ്‍ഗ്രസ് പ്രവര്ത്തകന് എന്ന രീതിയില്‍ തനിക്ക് പരാതിയില്ലെന്നും വിന്‍സെന്റ് പറഞ്ഞു. പഞ്ചായത്ത് മെമ്പര്‍ പോലും ആകാത്ത പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നും അങ്ങനെയുളളപ്പോള്‍ കോണ്‍ഗ്രസ് തനിക്ക് മികച്ച അവസരങ്ങളാണ് തന്നതെന്നും വിന്‍സെന്റ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Latin Archdiocese expresses dissatisfaction over not giving M Vincent a ministerial position