പാലക്കാട്: പിണറായി ഏകാധിപതിയാണെന്ന വിമര്‍ശനവുമായി സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. സിപിഐഎമ്മില്‍ പിണറായി വിജയന് മാത്രം എന്ന രീതിയാണെന്നും വിമര്‍ശനം ഉയർന്നു. തെരഞ്ഞെടുപ്പില്‍ പിണറായി വിജയനെ മാത്രം ഉയര്‍ത്തിക്കാട്ടിയെന്നും സിപിഐഎമ്മിലെയും എല്‍ഡിഎഫിലെയും ജനകീയ നേതാക്കളെ അവഗണിച്ചെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
'തോല്‍വിയുടെ ആഘാതം കൂട്ടിയതില്‍ പ്രധാന ഉത്തരവാദിത്തം പിണറായി വിജയനാണ്. എം വി ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് സംസ്ഥാനത്ത് മുഴുവന്‍ ചര്‍ച്ചയായി. കെ കെ ശൈലജയെ അവഗണിച്ചതിന് ജനം നല്കിയ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. എ കെ ബാലനും വെള്ളാപ്പള്ളി നടേശനും ഒരേ ശബ്ദം. ഇരുവരുടെയും പ്രസ്താവനകള്‍ വര്‍ഗീയത നിറഞ്ഞതാണ്' എന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശിച്ചു.
നേതാക്കളെയും പ്രവര്‍ത്തകരെയും അംഗീകരിക്കാന്‍ സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വം തയ്യാറാവുന്നില്ലെന്നും പാലക്കാട് ജില്ലയിലെ തോല്‍വിക്ക് കാരണമായതും ജില്ലാ നേതൃത്വത്തിന്റെ നിലപാടാണെന്നും വിമര്‍ശനമുണ്ട്. വിമത സംഘടനകള്‍ പാലക്കാട് രൂപീകരിക്കാന്‍ കാരണം ജില്ലാ നേതൃത്വമെന്നും വിമര്‍ശനമുണ്ട്.
കൊല്ലം, കോഴിക്കോട്, എറണാകുളം, കണ്ണൂര്‍ ജില്ലാ നേതൃയോഗങ്ങളിലും രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. പിണറായിയെ മാത്രം കേന്ദ്രീകരിച്ച പ്രചരണം തിരിച്ചടിയായി. കെ കെ ശൈലജയെ പേരാവൂരില്‍ നിര്‍ത്തി തോല്‍പ്പിച്ചു. എന്തുകൊണ്ട് ശൈലജയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിഞ്ഞില്ല. ജനകീയമുഖമായ ശൈലജയെ മുന്‍നിര്‍ത്തിയിരുന്നുവെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നായേനെ തുടങ്ങിയ വിമര്‍ശനങ്ങളാണ് കണ്ണൂരില്‍ നിന്ന് ഉയര്‍ന്നത്.
ജനവികാരം മാനിച്ച് പിണറായി വിജയന് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്നാണ് മറ്റ് ജില്ലകളില്‍ നിന്ന് വന്ന വിമര്‍ശനം. പിണറായിയുടെ ഭാഷയും ശൈലിയും ജനങ്ങളെ വെറുപ്പിച്ചുവെന്നും വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രവര്‍ത്തന ശൈലിയിലും വിമര്‍ശനമുണ്ടായി.
Content Highlights: Criticism against ex CM Pinarayi Vijayan at CPIM district committee meeting