KSRTC ബസിൻ്റെ ചില്ല് തക‍ർത്ത സംഭവം: 'തെറ്റ് ഏറ്റുപറഞ്ഞ് പിഴയടച്ചതാണ്, എന്നിട്ടും സൈബർ ആക്രമണം; പരാതി നൽകും'

സൈബർ ആക്രമണത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് യുവതി

കോഴിക്കോട്: KSRTC സൂപ്പർഫാസ്റ്റ് പ്രീമിയം ബസിൻ്റെ സെഡ് ഗ്ലാസ് തകർത്ത സംഭവത്തിൽ പ്രതികരണവുമായി യുവതി. സംഭവത്തിൽ തെറ്റ് ഏറ്റുപറഞ്ഞ് പിഴയടച്ചതാണെന്നും എന്നിട്ടും വീണ്ടും ആ സംഭവം ഉയർത്തി സമൂഹമാധ്യമങ്ങളിൽ തന്നെ തെറ്റായി ചിത്രീകരിക്കുകയാണെന്നും യുവതി പറഞ്ഞു. തനിക്കെതിരായി നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമ നടപടി സ്വീകരിക്കും. ശുചിമുറിയിൽ പോകാൻ വേണ്ടിയാണ് താൻ ബസ് നിർത്താൻ ആവശ്യപ്പെട്ടതെന്നും യുവതി റിപ്പോർട്ടറിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്തണമെന്ന ആവശ്യം ഡ്രൈവര്‍ നിരാകരിച്ചതോടെ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിൻ്റെ ചില്ല് യുവതി ഇടിച്ച് പൊട്ടിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് ആണ് തകര്‍ത്തത്.

മിംസ് സ്റ്റോപ്പില്‍ നിര്‍ത്തണം എന്നായിരുന്നു യുവതിയുടെ ആവശ്യം. അവിടെ സ്റ്റോപ്പില്ലാത്തതിനാല്‍ ബസ് മുന്നോട്ട് പോയതോടെ യുവതി പ്രകോപിതയായി ചില്ല് തകര്‍ക്കുകയായിരുന്നു. ബസിലെ യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Content Highlights: Woman reacts to incident of breaking the glass of KSRTC superfast premium bus

To advertise here,contact us