കൊച്ചി: സ്റ്റോപ്പില്ലാത്തിടത്ത് നിര്‍ത്തണമെന്ന ആവശ്യം ഡ്രൈവര്‍ നിരാകരിച്ചതോടെ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ച് പൊട്ടിച്ച യുവതി തന്റെ ഭാര്യയാണെന്ന വ്യാജ പ്രചാരണത്തിനെതിരെ പ്രതികരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്.
വീഡിയോയില്‍ കണ്ട സ്ത്രീ തന്റെ ഭാര്യ അല്ലെന്നും അവരുമായി ഒരു ബന്ധവുമില്ലെന്നും വസീഫ് കുറിച്ചു. നുണകള്‍ കൊണ്ട് പൊതുബോധം സൃഷ്ടിക്കുന്ന യുഡിഎഫ്-ബിജെപി തന്ത്രങ്ങള്‍ തുടരുകയാണെന്നും ചാനലുകളുടെ വ്യാജ കാര്‍ഡുകള്‍ വെച്ച് ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണെന്നും വസീഫ് ആരോപിച്ചു.
കേരളത്തില്‍ കുറച്ചു കാലമായി ഇടത് സഖാക്കളെയും കുടുംബാംഗങ്ങളെയും ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വലതുപക്ഷ കൂട്ടായ്മ നീചമായ രാഷ്ട്രീയ വേട്ടയ്ക്ക് ഇരയാക്കി കൊണ്ടിരിക്കുകയാണ്. ഇതു പോലുള്ള അധമ വൃത്തികള്‍ക്ക് മുമ്പില്‍ തോല്‍ക്കുന്നവരല്ല തങ്ങളെന്നും ഭയലേശമില്ലാതെ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി വസീഫിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഇന്നലെ മാധ്യമങ്ങളില്‍ വൈറല്‍ ആയ കെഎസ്ആര്‍ടിസി ബസ് നിര്‍ത്തണം എന്നാവശ്യപ്പെടുന്ന ഒരു സ്ത്രീയുടെ വീഡിയോ വെച്ച് അത് എന്റെ ഭാര്യ ആണെന്നും പറഞ്ഞു ചാനലുകളുടെ വ്യാജ കാര്‍ഡുകള്‍ വെച്ച് ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണ്.വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് തുടങ്ങി പിന്നീട് മുഖമുള്ളതും ഇല്ലാത്തതും ആയ അക്കൗണ്ടുകളില്‍ വ്യാപകമായി പ്രചരണം നടത്തുകയാണ്.സത്യം അറിയാന്‍ ആഗ്രഹമുള്ള പ്രിയപ്പെട്ടവരോട് സ്നേഹത്തോടെ പറയട്ടെ, ' ആ വീഡിയോയില്‍ കണ്ട സ്ത്രീ എന്റെ ഭാര്യ അല്ലന്ന് മാത്രമല്ല എനിക്ക് ആ സ്ത്രീയെ പരിചയവും ഇല്ല''.
കേരളത്തില്‍ കുറച്ചു കാലമായി ഇടത് സഖാക്കളെയും കുടുംബാംഗങ്ങളെയും ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വലതുപക്ഷ കൂട്ടായ്മ നീചമായ രാഷ്ട്രീയ വേട്ടയ്ക്ക് ഇരയാക്കി കൊണ്ടിരിക്കുകയാണ്.ഒന്നോര്‍ത്തോളൂ… ഇതു പോലുള്ള അധമ വൃത്തികള്‍ക്ക് മുമ്പില്‍ തോല്‍ക്കുന്നവരല്ല ഞങ്ങള്‍ . ഭയലേശമില്ലാതെ രാഷ്ട്രീയ പോരാട്ടം തുടരുക തന്നെ ചെയ്യും.NOT AN INCH BACK..
കഴിഞ്ഞ ദിവസമാണ് സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്തണമെന്ന ആവശ്യം ഡ്രൈവര്‍ നിരാകരിച്ചതോടെ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിൻ്റെ ചില്ല് യുവതി ഇടിച്ച് പൊട്ടിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഷന് പരിധിയിലായിരുന്നു സംഭവം. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് ആണ് തകര്‍ത്തത്.
മിംസ് സ്റ്റോപ്പില്‍ നിര്‍ത്തണം എന്നായിരുന്നു യുവതിയുടെ ആവശ്യം. അവിടെ സ്റ്റോപ്പില്ലാത്തതിനാല്‍ ബസ് മുന്നോട്ട് പോയതോടെ യുവതി പ്രകോപിതയായി ചില്ല് തകര്‍ക്കുകയായിരുന്നു. ബസിലെ യാത്രക്കാരന് പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
എന്നാൽ സംഭവത്തിൽ തെറ്റ് ഏറ്റുപറഞ്ഞ് പിഴയടച്ചതാണെന്നും എന്നിട്ടും വീണ്ടും ആ സംഭവം ഉയർത്തി സമൂഹമാധ്യമങ്ങളിൽ തന്നെ തെറ്റായി ചിത്രീകരിക്കുവെന്നും യുവതി പ്രതികരിച്ചു. തനിക്കെതിരായി നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നും യുവതി വ്യക്തമാക്കി. ശുചിമുറിയിൽ പോകാൻ വേണ്ടിയാണ് താൻ ബസ് നിർത്താൻ ആവശ്യപ്പെട്ടതെന്നും യുവതി റിപ്പോർട്ടറിനോട് പറഞ്ഞു. മിംസ് സ്റ്റോപ്പിൽ നിർത്തണം എന്നായിരുന്നു തൻ്റെ ആവശ്യം. പക്ഷേ സ്റ്റോപ്പ് ഇല്ലാത്തതിനാൽ ബസ് ജീവനക്കാർ നിർത്താൻ തയ്യാറായില്ലെന്നും യുവതി പ്രതികരച്ചു.
Content Highlights: V Vaseef against Fake propaganda that his wife broke the KSRTC window