കാസര്‍കോട്: മന്ത്രിസഭയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വേണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. എന്നാല്‍ അതിന്റെ അവസാന തീരുമാനം ചെന്നിത്തലയുടേതാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. പാര്‍ട്ടി അദ്ദേഹത്തിന് ഒരുപാട് സ്ഥാനങ്ങളും അവസരങ്ങളും നല്‍കിയെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
'പാര്‍ട്ടി എല്ലാ അംഗീകാരങ്ങളും നല്കി. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകേണ്ടത് മുഖ്യമന്ത്രിയാണ്. കെ സിയുടെ പ്രതികരണം ആത്മാര്‍ത്ഥമായിരുന്നു. രമേശ് ചെന്നിത്തല പ്രതികരിക്കാന്‍ വൈകിയത് അദ്ദേഹത്തിന്റെ ശൈലിയാണ്', രാജ്മോഹന്‍ ഉണ്ണിത്താന് കൂട്ടിച്ചേര്‍ത്തു. അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിക്കാതിരുന്ന രമേശ് ചെന്നിത്തല മൗനം വെടിഞ്ഞു.
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകള്‍ നേരുന്നതായി ചെന്നിത്തല പറഞ്ഞു. യുഡിഎഫ് പ്രവര്‍ത്തകര്‍ സതീശനൊപ്പമുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയില്‍ ആര് വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പത്ത് വര്‍ഷത്തെ ഇടത് ദുര്‍ഭരണത്തില്‍ നിന്ന് മോചിപ്പിക്കുതാണ് ജനവിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ കടുത്ത അതൃപ്തിയിലായിരുന്നു രമേശ് ചെന്നിത്തല. സതീശനാണ് മുഖ്യമന്ത്രിയെന്ന് രാഹുൽ ഗാന്ധി അറിയിച്ചതിന് പിന്നാലെ വീടിന്റെ പിന്നിലെ വഴിയിലൂടെ പുറത്തേക്ക് പോയ രമേശ് ചെന്നിത്തല കോണ്‍ഗ്രസ് എംഎല്‍എമാരുടെ നിയമസഭാ കക്ഷി യോഗത്തിലും പങ്കെടുത്തിട്ടില്ല. പകരം വി ഡി സതീശന് പിന്തുണ അറിയിച്ച് കത്ത് നല്‍കുകയാണ് ചെയ്തത്.
സീനിയോരിറ്റി പരിഗണിക്കാതെ മുഖ്യമന്ത്രിയെ തീരുമാനിച്ചുവെന്നതാണ് രമേശ് ചെന്നിത്തലയുടെ അതൃപ്തിക്ക് കാരണം. പിന്നാലെ ഹരിപ്പാട് വഴി രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക് പോകുകയായിരുന്നു. ഇന്ന് മലയാളമാസം ഒന്നാം തീയതി ആയതിനാല്‍ പതിവ് ക്ഷേത്ര സന്ദര്‍ശനം എന്നാണ് രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഇന്ന് ഗുരുവായൂരില്‍ വെച്ചായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള രമേശ് ചെന്നിത്തലയുടെ ആദ്യ പ്രതികരണം.
Content Highlights: Rajmohan Unnithan about Ramesh Chennithala's delayed reaction after CM declaration