പാപ്പരായ സംസ്ഥാനമാണ്; തുടക്കത്തില്‍ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കരുത്: എ കെ ആന്റണി

'വി ഡി സതീശന്റെ മനസ്സില്‍ പല സ്വപ്‌നങ്ങളും കാണും. കുറച്ച് മുണ്ട് മുറുക്കി ഉടുക്കേണ്ടി വരും. കുറച്ച് കയ്പ്പ് നീര് കുടിക്കേണ്ടി വരും'

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ വീട്ടിലെത്തി വി ഡി സതീശന്‍. വി ഡി സതീശന്റെ നേതൃത്വത്തില്‍ അടുത്ത അഞ്ചുവര്‍ഷം കേരളത്തിന് സുവര്‍ണ കാലഘട്ടമായിരിക്കട്ടെയെന്ന് എ കെ ആന്റണി ആശംസിച്ചു. എന്നാല്‍ കേരളം സാമ്പത്തികമായി തകര്‍ന്നു തരിപ്പണമായിരിക്കുകയാണെന്നും കരകയറ്റാന്‍ വി ഡി സതീശന് സാവകാശം നല്‍കണമെന്നും എ കെ ആന്റണി പറഞ്ഞു. 2001ല്‍ താന്‍ മുഖ്യമന്ത്രിയായിരുന്ന കാലം ഓര്‍മ്മിപ്പിച്ചായിരുന്നു ഇക്കാര്യം സൂചിപ്പിച്ചത്.

'2001ല്‍ ഇതിനോടടുത്ത ജനവിധിയുമായിട്ടാണ് ഞാന്‍ മുഖ്യമന്ത്രിയായത്. അന്ന് വലിയ ആരവവും മാധ്യമ പിന്തുണയും എനിക്കുണ്ടായിരുന്നു. ആരവങ്ങള്‍ കെട്ടടങ്ങിയപ്പോള്‍ മാധ്യമങ്ങള്‍ എനിക്കെതിരായി തിരിഞ്ഞു. അന്നത്തെ സാഹചര്യത്തിന് പരിഹാരം ഉണ്ടാക്കാന്‍ അന്നത്തെ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളായിരുന്നു അതിന് കാരണം.'

'കേരളം സാമ്പത്തികമായി തകര്‍ന്ന് പാപ്പരായി. മുഖ്യമന്ത്രിക്ക് ഡല്‍ഹിക്ക് പോകാന്‍ ഒരു എയര്‍ടിക്കറ്റ് നല്‍കാന്‍ പോലും ഇന്ത്യന്‍ എയര്‍ലൈന്‍സ് തടസ്സം നിന്ന കാലഘട്ടമായിരുന്നു. മുമ്പ് ആര്‍പ്പുവിളിച്ച മാധ്യമങ്ങളെല്ലാം അതോടെ കല്ലെറിയാന്‍ തുടങ്ങി. ആ സാഹചര്യം വി ഡി സതീശനും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടാകരുത്. തുടക്കത്തില്‍ തന്നെ ഒന്നിനുപിറകെ ഒന്നായി ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കരുത്. വി ഡി സതീശന്റെ മനസ്സില്‍ പല സ്വപ്‌നങ്ങളും കാണും. കുറച്ച് മുണ്ട് മുറുക്കി ഉടുക്കേണ്ടി വരും. കുറച്ച് കയ്പ്പ് നീര് കുടിക്കേണ്ടി വരും. പാപ്പരായ സംസ്ഥാനമാണ്. 2001ലേക്കാള്‍ പത്തിരട്ടി കൂടുതല്‍ സാമ്പത്തികമായി തകര്‍ന്നു തരിപ്പണമായ സംസ്ഥാനമാണ്. കരകയറ്റാന്‍ കുറച്ചു സാവകാശം നല്‍കണം', എന്നാണ് എ കെ ആന്റണിയുടെ പ്രതികരണം.

ഐക്യ കേരളം ഉണ്ടായ ശേഷമുള്ള നിര്‍ണ്ണായക ഘട്ടത്തില്‍ കേരളത്തെ നയിക്കാനുള്ള നിയോഗം യുഡിഎഫ് സതീശന് നല്‍കി. അതില്‍ അതിയായ സന്തോഷമുണ്ട്. ഹൈക്കമാന്‍ഡ് തീരുമാനത്തെ പൂര്‍ണമായി പിന്താങ്ങുന്നു. സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും എ കെ ആന്റണി പറഞ്ഞു.

Content Highlights: V D Satheesan Visit A K Antony home after Chief Minister Announcement

To advertise here,contact us