'വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം'; സോണിയാ ഗാന്ധിയോട് ആവര്‍ത്തിച്ച് മുസ്‌ലിം ലീഗ്

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ മുസ്ലിം ലീഗ് കടുത്ത അതൃപ്തയിലാണ്

കൊച്ചി: വി ഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന നിലപാട് ആവര്‍ത്തിച്ച് മുസ്ലിം ലീഗ്. കഴിഞ്ഞ ദിവസം മുസ്ലിം ലീഗിന്റെ അഭിപ്രായം തേടി സോണിയാ ഗാന്ധി അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ വിളിച്ചപ്പോഴാണ് മുസ്ലിം ലീഗ് വി ഡി സതീശന് പിന്തുണ ആവര്‍ത്തിച്ചത്. ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജനവികാരം മാനിക്കണമെന്നും മുസ്ലിം ലീഗ് നേതൃത്വം സോണിയാ ഗാന്ധിയെ അറിയിച്ചു.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ മുസ്ലിം ലീഗ് കടുത്ത അതൃപ്തിയിലാണ്. ഇന്ന് രാവിലെ 10 മണിക്ക് പാണക്കാട് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പൊതുവികാരം വിഡി സതീശന് അനുകൂലമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ലീഗ്. ഹൈക്കമാന്‍ഡ് തീരുമാനം എതിരായാല്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നതാകും ഇന്നത്തെ പ്രധാന ചര്‍ച്ച. മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ ലീഗിന്റെ എംല്‍എമാരടക്കം പരസ്യമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയാരാകണമെന്ന കാര്യത്തില്‍ പെട്ടെന്ന് തീരുമാനമുണ്ടായില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ലീഗ് നേതാക്കളുടെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം തിരിച്ചറിയണമെന്നാണ് ആവശ്യം.

അതിനിടെ വയനാട്ടിലും കോഴിക്കോടും വിവിധയിടങ്ങളില്‍ പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ പോസ്റ്റര്‍ പ്രതിഷേധം ഉണ്ടായി. കല്‍പ്പറ്റയില്‍ ഡിസിസി ഓഫീസിന് സമീപവും കോഴിക്കോട് മുക്കത്ത് പ്രിയങ്കാഗാന്ധിയുടെ ഓഫീസിന് മുന്നിലും കാരശ്ശേരിയിലുമാണ് ഇംഗ്ലീഷിലെഴുതിയ പോസ്റ്ററുകള്‍ പതിച്ചത്. ഇതൊരു ഭീഷണി പോസ്റ്റര്‍ അല്ലെന്നും വിഡ്ഢിത്തത്തിന് കേരളം ഒരിക്കലും നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും പോസ്റ്ററിലുണ്ട്. രാഹുലും പ്രിയങ്കയും വയനാടിനെ മറന്നേക്കൂ. ഇവിടെ നിന്നും ഇനി നിങ്ങള്‍ ജയില്ല, കെ സി നിങ്ങളുടെ പെട്ടി തൂക്കുന്നയാളായിരിക്കും. പക്ഷെ കേരള ജനത നിങ്ങള്‍ക്ക് മാപ്പ് തരില്ല, ആര്‍ ജി..പി ജി ഇതൊരു ഭീഷണിയല്ല ഈ വിഡ്ഢിത്തത്തിന് കേരളം ഒരിക്കലും നിങ്ങള്‍ക്ക് മാപ്പ് തരില്ല എന്നും പോസ്റ്ററിലുണ്ട്. കേരളം മറ്റൊരു അമേഠി ആയിരിക്കും സുരക്ഷിത സീറ്റ് തേടി ഇങ്ങോട്ടേക്ക് വരേണ്ടതില്ലെന്നും പോസ്റ്ററിലുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള അവസാനവട്ട ചര്‍ച്ചയ്ക്ക് ശേഷം ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല പക്ഷങ്ങളുടെ വാദങ്ങളും നിരീക്ഷകരുടെ റിപ്പോര്‍ട്ടും ഒന്നിച്ച് ചര്‍ച്ച ചെയ്താവും അന്തിമ തീരുമാനത്തിലേക്ക് എത്തുക. മൂന്ന് നേതാക്കളെയും ഘടകകക്ഷികളെയും തീരുമാനം ബോധ്യപ്പെടുത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രി പ്രഖ്യാപനം. ഘടകകക്ഷികളോട് രാഹുല്‍ ഗാന്ധി നേരിട്ട് സംസാരിക്കുമെന്നാണ് വിവരം.

Content Highlights: VD Satheesan should be made chief Minister Muslim League reiterates to Sonia Gandhi

To advertise here,contact us