തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. നല്ല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് വി എം സുധീരൻ പറഞ്ഞത്. കോൺഗ്രസ് ഒരു വലിയ ജനാധിപത്യ സംഘടനയാണ്. എല്ലാവരുമായി ആശയവിനിമയം നടത്തി. ജനമനസ് തിരിച്ചറിഞ്ഞ് ഉചിതമായ തീരുമാനമെടുക്കാനാണ് കോൺഗ്രസ് പാർട്ടി ശ്രമിക്കുന്നതെന്നും സുധീരൻ പറഞ്ഞു.
'സംസ്ഥാനത്ത് ഭരണ സ്തംഭനം ഒന്നുമില്ല. എത്രയും പെട്ടെന്ന് സർക്കാർ വരും. കോൺഗ്രസ് നേതൃത്വം ഉചിതമായ തീരുമാനം എടുക്കും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതിൽ ജനങ്ങൾക്ക് ചെറിയ പ്രയാസങ്ങൾ വന്നിട്ടുണ്ട്. അത് വസ്തുതയാണ്, നിഷേധിക്കുന്നില്ല. സർക്കാർ അധികാരത്തിൽ വരുമ്പോൾ ജനമനസ് അറിഞ്ഞുതന്നെ പ്രവർത്തിക്കും. ചർച്ചയിൽ ഘടകകക്ഷികൾ പ്രകടിപ്പിക്കുന്ന എതിർപ്പ് സ്വാഭാവികമാണ്' എന്നാണ് വി എം സുധീരൻ പ്രതികരിച്ചത്.
കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിലെ പ്രതിസന്ധി നീളുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് നാൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രഖ്യാപനം നടത്തുമെന്നാണ് കരുതിയത്.
അതേസമയം, കേരളത്തിലെ മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് തീരുമാനമായെന്നും പ്രഖ്യാപനം വ്യാഴാഴ്ച നടത്തുമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിച്ചു. മല്ലികാർജുൻ ഖാർഗെ- രാഹുൽ ഗാന്ധി കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ഫലംവന്ന് പത്ത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതിൽ ഘകടകക്ഷികൾക്കിടയിലും പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും അതൃപ്തി വ്യാപകമാകുന്നതിനിടയിലായിരുന്നു നിർണായക യോഗം.
Content Highlights: Senior Congress leader V M Sudheeran reacts to the delay in the Chief Minister's announcement