തിരുവനന്തപുരം: കേരള മുഖ്യമന്ത്രി ആരെന്നതില്‍ ഒമ്പതാം ദിവസവും അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന് 11 മണിക്ക് ഡല്‍ഹിയില്‍ നടക്കും. മുന്‍ കെപിസിസി അധ്യക്ഷന്മാര്, വര്‍ക്കിങ് പ്രസിഡന്റുമാര്‍ അടക്കമുള്ളവര്‍ ചര്‍ച്ചകളുടെ ഭാഗമാകും. സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് മുതിര്‍ന്ന നേതാക്കളെ ഡല്‍ഹിയില്‍ വിളിപ്പിച്ചത്.
ഇന്ന് രാത്രിയോ നാളെയോ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. എല്ലാ കാര്യങ്ങളിലും ചര്‍ച്ച നടക്കുമെന്നും ഘടകക്ഷികളുമായി എഐസിസി നേതൃത്വം ഫോണില്‍ ചര്‍ച്ച നടത്തുമെന്നുമാണ് കെ മുരളീധരന് പ്രതികരിച്ചത്.
അതേസമയം തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാത്തതില്‍ ഘടകകക്ഷികള്‍ക്കിടയില്‍ ശക്തമായ അതൃപ്തിയുണ്ട്. പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയെന്ന കടുത്ത പ്രതികരണമാണ് ഇന്നലെ മുസ്ലിം ലീഗ് നേതാക്കള്‍ നടത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ മാറ്റ് കുറയ്ക്കുന്ന നടപടിയാണ് ഇപ്പോഴത്തേതെന്ന വിമര്‍ശനവും ലീഗ് ഉയര്‍ത്തുന്നു.
പ്രഖ്യാപനം വൈകുന്നതില്‍ മറ്റ് ഘടകക്ഷികള്‍ക്കും അതൃപ്തിയുണ്ട്. അതിനിടെ വി ഡി സതീശനായി ഉറച്ച് നില്ക്കുന്ന മുസ്ലീംലീഗിനെ അനുനയിപ്പിക്കാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം ഇടപെട്ടു. കെ സി വേണുഗോപാലിനായി സമ്മര്‍ദ്ദവുമായി കര്‍ണാടക ന്യൂനപക്ഷ ക്ഷേമ മന്ത്രി സമീര്‍ അഹമ്മദ് പാണക്കാടെത്തി. കര്‍ണാടക നിയമസഭയില്‍ ബാംഗ്ലൂര്‍ കെഎംസിസിക്ക് പ്രാതിനിധ്യമാണ് വാഗ്ദാനം.
അതിനിടെ പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകളും ഹൈക്കമാന്‍ഡ് തുടങ്ങും. ബെന്നി ബെഹ്നാന്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്കാണ് സാധ്യത. നിലവിലെ അധ്യക്ഷന്‍ സണ്ണിജോസഫിന മന്ത്രിസഭാംഗമാകുന്നതോടെയാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഹൈക്കമാന്‍ഡ് തുടങ്ങിയത്.
Content Highlights: Discussions on Kerala Chief Minister fight still underway leaders in Delhi