ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്. എല്ലാം സമാധാനപരമായി തീരാനുള്ള പക്വത എല്ലാവരും പ്രകടിപ്പിക്കുന്നുണ്ടെന്നും ബെന്നി ബെഹനാന് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വോട്ട് ചെയ്തവരുടെ മനസ്സില്‍ മങ്ങലേറ്റിട്ടുണ്ടെന്നും പ്രഖ്യാപനം വന്നുകഴിയുമ്പോള്‍ മങ്ങല്‍ ശോഭയായി മാറുമെന്നും ബെന്നി ബെഹനാന് പറഞ്ഞു.
'ഇക്കാര്യത്തില്‍ വിവാദം പാടില്ല എന്ന് ആദ്യം പറഞ്ഞത് ഞാനാണ്. എന്റെ അഭിപ്രായം ഹൈക്കമാന്‍ഡിന് മുമ്പില്‍ പറഞ്ഞിട്ടുണ്ട്. ആരുവന്നാലും ഞാന്‍ സ്വാഗതം ചെയ്യും. വീണ്ടും ഫ്ളക്സ് വെക്കുന്നവര്‍ നേതാക്കന്മാരുടെ അനുമതിയോടെ അല്ല വയ്ക്കുന്നത്. നേതാക്കന്മാരെ ഉപദ്രവിക്കുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസിനോടും യുഡിഎഫിനോടും സ്നേഹമുള്ളവര് ആ തീരുമാനം നടപ്പാക്കണം', ബെന്നി ബെഹനാന് പറഞ്ഞു.
വെളുത്ത പുക ഉയരുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് ചര്‍ച്ച പാര്‍ട്ടിക്ക് മുമ്പില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ മുഖ്യമന്ത്രി ചര്‍ച്ച മാത്രമാണ് ഉള്ളത്. ഏത് തീരുമാനമെടുത്താലും എല്ലാവരും സന്തോഷിക്കും. എല്ലാവരും അംഗീകരിക്കുകയും ചെയ്യുമെന്നും ബെന്നി ബെഹനാന് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി തീരുമാനം വൈകിയത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതികരിച്ചിരുന്നു. ചര്‍ച്ചകള്‍ തുടരുകയാണെന്ന് മനസ്സിലാക്കുന്നുവെന്നും വെളുത്ത പുക ഉടന്‍ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. കേരള മുഖ്യമന്ത്രി ആരെന്നതില്‍ ഒമ്പതാം ദിവസവും അനിശ്ചിതത്വം തുടരുകയാണ്. അന്തിമ തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് വിവരം. വൈകുന്നേരം അഞ്ചുമണിയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തും. ശേഷമാകും അന്തിമ തീരുമാനം എന്നാണ് വിവരം. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഖര്‍ഗെ എത്തുന്നത്.
Content Highlights: Congress leader Benny Behanan about CM discussion in Congress