കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ ഷാഫി പറമ്പിൽ എംപിക്ക് രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഷാഫി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് വിമർശനം. മെയ് അഞ്ചിനായിരുന്നു ഷാഫി പോസ്റ്റ് പങ്കുവെച്ചത്. 'നമ്മൾ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു' എന്ന ക്യാപ്ഷനോടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ചിത്രമായിരുന്നു ഷാഫി പങ്കുവെച്ചത്. ഇതിന് താഴെയാണ് രൂക്ഷ വിമർശനം ഉയർന്നിരിക്കുന്നത്.
'ജനഹിതം മനസ്സിലാക്കാതെ പ്രവർത്തിച്ചാൽ, ഗ്രൂപ്പിൻ്റെ വക്താവായി മാറിയാൽ ഷാഫി ദുഃഖിക്കേണ്ടിവരും, ഷാഫി, നിങ്ങൾ കോൺഗ്രസിന്റെ കാലനാകരുത്, കെസിക്ക് വേണ്ടി കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചല്ലോ, ഇപ്പോൾ വി ഡിയെ ക്രൂശിക്കാൻ ഇറങ്ങുന്ന താങ്കളെയും ജനം ശിക്ഷിക്കും, കെസിയെ താങ്ങാനാണ് തീരുമാനമെങ്കിൽ ഈ നാടും നാട്ടുകാരും പാർട്ടി പ്രവർത്തകരും ഇനിയും ഇവിടെയുണ്ടാകും എന്ന് ഓർക്കുക, എന്നിങ്ങനെ രൂക്ഷമായ പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെയുള്ളത്.
കോൺഗ്രസിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് അനിശ്ചിതമായി നീളുന്നതിൽ അണികൾക്കിടയിൽ വലിയ അമർഷമാണുള്ളത്. ഇതിനിടെയാണ് ഷാഫി പറമ്പിലിൻ്റെ പിന്തുണ കെ സി വേണുഗോപാലിനാണെന്ന ആരോപണങ്ങളും ഉയർന്നത്. ഇതോടെ ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ ഷാഫി പറമ്പിലിനെതിരെ രംഗത്തെത്തുകയായിരുന്നു.
Content Highlights:Following the CM debate, severe criticism against MP Shafi Parambil on social media.