മുഖ്യമന്ത്രി ചർച്ചയിൽ അസാധാരണ കാലതാമസം വന്നിട്ടില്ല;അവസാനവാക്ക് ദേശീയ നേതൃത്വത്തിൻ്റേത്: തിരുവഞ്ചൂർ രാധാകൃഷ്ണൻ

മുഖ്യമന്ത്രി ചർച്ചയിൽ നേതൃത്വം വിളിച്ചാൽ ചെല്ലേണ്ടത് എൻറെ ബാധ്യതയാണെന്ന് പ്രതികരണം

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുഖ്യമന്ത്രി ചർച്ചയിൽ നേതൃത്വം വിളിച്ചാൽ ചെല്ലേണ്ടത് എൻറെ ബാധ്യതയാണെന്നാണ് പ്രതികരണം. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ അസാധാരണ കാലതാമസം വന്നിട്ടില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.

ഇതൊരു ജനാധിപത്യ പാർട്ടിയാണ് അതുകൊണ്ട് തന്നെ പലതരത്തിലുള്ള ചർച്ചകളുണ്ടാകുമെന്നും നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുകയാണ് പാർട്ടി നയമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. ഘടകകക്ഷികളുടെ വിമർശനങ്ങൾ ഉൾപ്പെടെ പാർട്ടി പരിഗണിക്കുമെന്നും മുഖ്യമന്ത്രി ചർച്ചയിൽ അവസാനവാക്ക് ദേശീയ നേതൃത്വത്തിൻ്റേതാണെന്നും അദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതിനെ കുറിച്ച് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷി ആണ് തന്നെ ക്ഷണിച്ചതെന്നാണ് കെ മുരളീധരന്‍ പറഞ്ഞത്. നാളെ രാവിലെയോടെ താന്‍ ഡല്‍ഹിയില്‍ എത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'മുഖ്യമന്ത്രി ചര്‍ച്ചയ്ക്കായാണ് വിളിപ്പിച്ചത് എന്നാണ് മനസ്സിലാക്കുന്നത്. അല്ലാതെ കാലാവസ്ഥയെ പറ്റി ചര്‍ച്ച ചെയ്യാന്‍ ആകില്ലല്ലോ. എന്റെ അഭിപ്രായം മുമ്പും രേഖപ്പെടുത്തിയതാണ്. നാളെയും അക്കാര്യം പറയും. പുറത്തുവരുന്ന കണക്കുകള്‍ ആകില്ലല്ലോ എംഎല്‍എമാരുടെ പിന്തുണ. ഹൈക്കമാന്‍ഡിന്റെ ഉത്തരവിനെ ആരും ലംഘിക്കില്ല', എന്നായിരുന്നു കെ മുരളീധരൻ്റെ പ്രതികരണം.

Content Highlights: Senior Congress leader Thiruvanchoor Radhakrishnan reacts to the Chief Minister's announcement

To advertise here,contact us