കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വിമര്‍ശനത്തില്‍ എന്തുകൊണ്ട് സിപിഐഎം മറുപടി പറയുന്നില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അവര്‍ പറഞ്ഞത് ശരിയായത് കൊണ്ടാണ് സിപിഐഎം മറുപടി പറയാത്തതെന്നും മറിച്ചാണെങ്കില്‍ മറുപടി പറയണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു. കടുത്ത വിമര്‍ശനങ്ങളാണ് കേരളാ കോണ്‍ഗ്രസ് മുന്നോട്ടുവെച്ചതെന്നും അതില്‍ സിപിഐഎമ്മിന് മറുപടിയില്ലേ എന്നും അദ്ദേഹം ചോദിച്ചു.
ഉമ്മന്‍ചാണ്ടിയുടെ ഫ്ളക്സ് കീറിയ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. 'ഉമ്മന്‍ചാണ്ടിയുടെ ഫ്ളക്സ് കീറാന്‍ കൈ പൊന്തുന്നത് ഏത് കോണ്‍ഗ്രസുകാരനാണ്? ഏത് യുഡിഎഫുകാരനാണ്? ഉമ്മന്‍ചാണ്ടി ആരാണെന്ന് ഫ്ളക്സ് കീറിയവര്‍ മനസിലാക്കണം. തെറ്റായിപ്പോയെന്ന് എഐസിസി തന്നെ പറഞ്ഞു. അനീതിയാണ് ചെയ്തത്. ഉമ്മന്‍ചാണ്ടി ആരാണെന്ന് ആദ്യം അവര്‍ അറിഞ്ഞിരിക്കണം. എഐസിസിയുടെ നിലപാടിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു'- തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
മുഖ്യമന്ത്രി ആരാണെന്ന് ഉടന്‍ അറിയാമെന്നും ഉചിതമായ സമയത്ത് ഹൈക്കമാന്‍ഡ് തീരുമാനം വരുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. നേതാക്കള്‍ ഡല്‍ഹിയില്‍ എത്തിയതോടെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഫ്ളക്സുകള്‍ എടുത്തുമാറ്റാന്‍ നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കേണ്ട ആവശ്യമില്ലല്ലോ'- തിരുവഞ്ചൂര്‍ പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ ടി പി ചന്ദ്രശേഖരന് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ പ്രധാന സ്ഥാനങ്ങളിലേക്ക് തിരിച്ചുവരുമെന്നും തിരുവഞ്ചൂര്‍ സൂചന നല്കി. 'കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്റെ വീട്ടില്‍ കെട്ടിയിരുന്ന പശുവിനെ ഒറ്റ വെട്ടിനാണ് കൊന്നത്. നീതിപൂര്‍വ്വമായി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ തിരിച്ചുവരും' എന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞത്.
Content Highlights: Why didn't CPI(M) respond to Kerala Congress M's criticism?; Thiruvanchoor Radhakrishnan