ആരാകും മുഖ്യമന്ത്രി?; പ്രഖ്യാപനം നീളുന്നു, ഹൈക്കാമാന്‍ഡ് തീരുമാനത്തിനായി കാത്തിരിപ്പ്

ഇനി ചര്‍ച്ചയില്ലെന്നും പ്രഖ്യാപനം മാത്രമേയുള്ളൂവെന്നുമാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്

തിരുവനന്തപുരം: നേതാക്കള്‍ക്കിടയില്‍ സമവായമാവാത്തതിനാല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു. ഇന്നലെ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും നേതൃത്വത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവിലും ഒറ്റപ്പേരിലേക്കെത്താന്‍ കഴിഞ്ഞില്ല. കോൺഗ്രസ് തീരുമാനം ഘടകകക്ഷി നേതാക്കളെ അറിയിക്കും

സമയമുണ്ടെന്നും തീരുമാനം ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്നുമായിരുന്നു ചര്‍ച്ചയ്ക്കുശേഷം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ പ്രതികരണം. ഇനി ചര്‍ച്ചയില്ലെന്നും പ്രഖ്യാപനം മാത്രമേയുള്ളൂവെന്നുമാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കുമെന്നാണ് സൂചന.

ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നിര്‍ണായക ചര്‍ച്ച നടന്നത്. ആദ്യം കെ സി വേണുഗോപാലും തൊട്ടുപിന്നാലെ വി ഡി സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും ചര്‍ച്ചയ്ക്കായി എത്തി. ആദ്യഘട്ടത്തില്‍ കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളോട് മല്ലികാര്‍ജുന്‍ ഖര്‍ഗെയും ദീപാദാസ് മുന്‍ഷിയും ഒറ്റയ്ക്ക് സംസാരിച്ചു.

ഇതിന് ശേഷം കെ സി വേണുഗോപാലിനെ നിശ്ചയിച്ചുകൊണ്ടുള്ള നിര്‍ദേശം ഹൈക്കമാന്‍ഡ് അവതരിപ്പിക്കുകയാണ് ചെയ്തത്. എംഎല്‍എമാരുടെ പിന്തുണയാണ് ഹൈക്കമാന്‍ഡ് പ്രധാനമായും മാനദണ്ഡമാക്കിയത്. സതീശന് അനുകൂലമായ പ്രകടനങ്ങള്‍ അച്ചടക്ക ലംഘനമെന്നായിരുന്നു ഹൈക്കമാന്‍ഡ് വിലയിരുത്തിയത്. വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും പറയാനുള്ളത് നേതാക്കള്‍ കേട്ടു. ഇതിനിടെ എംഎല്‍എമാരുടെ പിന്തുണയ്ക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് കെ സി വേണുഗോപാല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

എംഎല്‍എമാരുടെ വികാരം കേരളത്തിന്റെ വികാരമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ചത് നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായാണ്. തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചതും വിട്ടു നിന്നതും രാഹുല്‍ ഗാന്ധി പറഞ്ഞത് പ്രകാരമായിരുന്നുവെന്നും കെ സി പറഞ്ഞു. ഇതിന് ശേഷം രാഹുല്‍ ഗാന്ധി നേതാക്കളെ പ്രത്യേകം കണ്ടു. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ വി ഡി സതീശന്‍ തന്റെ അതൃപ്തി പ്രകടിപ്പിച്ചു. കെ സിയെ പരിഗണിക്കുകയാണെങ്കില്‍ പറവൂര്‍ ഒഴിഞ്ഞു കൊടുക്കാം എന്നായിരുന്നു വി ഡി സതീശന്റെ നിലപാട്. ഇതേസമയം സീനിയോരിറ്റി പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു രമേശ് ചെന്നിത്തല. സോണിയ ഗാന്ധിയുടെ പിന്തുണ തനിക്കുണ്ടാകുമെന്നും രമേശ് ചെന്നിത്തല പ്രതീക്ഷിച്ചു.

ഇതിനിടെ വി ഡി സതീശനെ മുസ്‌ലിം ലീഗ് പിന്തുണയ്ക്കുന്ന സാഹചര്യവും ഹൈക്കമാന്‍ഡ് വിലയിരുത്തി. ഘടകകക്ഷികളുടെ നിലപാടിന് വഴങ്ങി തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞു. വഴങ്ങിയാല്‍ അസാധാരണ സാഹചര്യവും കീഴ്‌വഴക്കവും സൃഷ്ടിക്കപ്പെടുമെന്നും മറ്റ് സംസ്ഥാനങ്ങളിലും സമാന സാഹചര്യമുണ്ടാക്കുമെന്നും അവിടെയും കോണ്‍ഗ്രസ് വഴങ്ങേണ്ടിവരുമെന്നുമായിരുന്നു ഹൈക്കമാന്‍ഡ് നിലപാട്. ഹൈക്കമാന്‍ഡ് തീരുമാനം കെ സിക്ക് അനുകൂലമെന്ന നിലയില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നതോടെ കേരളത്തില്‍ പലയിടങ്ങളിലും വി ഡി പക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.

ഇടുക്കി അടിമാലിയില്‍ വി ഡി സതീശനായി ഐക്യദാര്‍ഢ്യ ധര്‍ണ്ണ സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനപ്രതിനിധികളും അടക്കം ഐക്യദാര്‍ഢ്യ ധര്‍ണ്ണയില്‍ പങ്കെടുത്തു. കോഴിക്കോട് ഉള്ള്യേരിയിലും വി ഡി സതീശന്‍ അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആറരയോടെ പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചന. എന്നാല്‍ ആറര കഴിഞ്ഞും ചര്‍ച്ച നീണ്ടു. ഒടുവില്‍ 7.05 ആയപ്പോള്‍ ദീപാദാസ് മുൻഷി, വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് അടക്കമുള്ള നേതാക്കൾ ഖര്‍ഗെയുടെ വസതിയില്‍ നിന്ന് പുറത്തേക്കിറങ്ങി. തൊട്ടുപിന്നാലെ മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീടായിരിക്കുമെന്ന ഹൈക്കമാന്‍ഡ് തീരുമാനം ദീപാദാസ് മുന്‍ഷി പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് മാധ്യമങ്ങളെ കണ്ട സതീശനും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും ഒരേ സ്വരത്തിൽ തങ്ങൾക്കായുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്നും വിവിധയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. നേതാക്കൾ ചർച്ചയിൽ കടുംപിടുത്തംപിടിച്ചത് രാഹുൽ ഗാന്ധിയിൽ കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു. രാഹുലിൻ്റെ നിർദേശ പ്രകാരമാണ് മൂന്ന് നേതാക്കളും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടത്.

Content Highlights: who will be the chief minister of kerala

To advertise here,contact us