കണ്ണൂര്‍: പരാതി നല്‍കാനെത്തിയ ആള് പൊലീസ് ജീപ്പ് മോഷ്ടിച്ച് കടന്നുകളഞ്ഞു. കണ്ണൂരിലാണ് സംഭവം. കണ്ണൂര്‍ സൈബര്‍ പൊലീസ് ഓഫീസിന്റെ മുറ്റത്തുനിന്നാണ് പൊലീസ് ജീപ്പുമായി പ്രതി കടന്നുകളഞ്ഞത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. തൃശൂര്‍ ചാവക്കാട് തൊഴിയൂര്‍ സ്വദേശി കല്ലുവളപ്പില്‍ ഹംസത്ത്(49) ആണ് പിടിയിലായത്.
ശനിയാഴ്ച്ച പുലര്‍ച്ചെ ഒന്നേകാലോടെയായിരുന്നു സംഭവം. മൊബൈല്‍ ഫോണ്‍ നഷ്ടമായെന്നും കണ്ടുപിടിച്ച് തരണമെന്നും പരാതി പറയാന്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തിയായിരുന്നു ഹംസത്ത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു. വിവരങ്ങള്‍ ശേഖരിച്ച ശേഷം തൊട്ടടുത്ത കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്കാന് പൊലീസ് ആവശ്യപ്പെട്ടു. ഇതോടെ സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തി. പക്ഷെ ഗേറ്റ് അടച്ച നിലയിലായിരുന്നു. ഓഫീസിന്റെ വാതിലുകള്‍ അടച്ച നിലയിലായിരുന്നു. പലതവണ അധികൃതരെ വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല.
തിരിച്ച് ഇറങ്ങുന്നതിനിടെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാഹനം ഹംസത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ജീപ്പിനകത്ത് താക്കോലുമുണ്ടായിരുന്നു. ഇതോടെ ഹംസത്ത് വാഹനമെടുത്ത് റോഡിലിറക്കി. ജീപ്പുമായി കടന്ന പ്രതി ഉത്തരമേഖലാ ഡി ഐജിയുടെ ഓഫീസിന് മുന്നിലൂടെ നേരെ മുനീശ്വരന്‍ കോവിലിന് സമീപത്തെ പെട്രോള്‍ പമ്പിലെത്തി. ഇന്ധനം നിറയ്ക്കാനും ബില്ല് പൊലീസിന്റെ അക്കൗണ്ടില്‍ ചേര്‍ത്താല്‍ മതിയെന്നും പറഞ്ഞു.
പെട്രോളടിച്ച ശേഷം ശ്രീനാരായണ പാര്ക്കിന് സമീപത്തെ തട്ടുകടയിലെത്തി. മുഷിഞ്ഞ വസ്ത്രം ധരിച്ച് മദ്യലഹരിയില്‍ ഒരാള്‍ എന്തൊക്കെയോ വിളിച്ചുപറഞ്ഞ് ഇറങ്ങിവന്നത് തട്ടുകടയിലെ ജീവനക്കാരില്‍ സംശയമുണയര്ത്തി. ഇവര്‍ ജീപ്പിന്റെ താക്കോല്‍ പിടിച്ചുവാങ്ങുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
Content Highlights: Man who came to file complaint stole police jeep in kannur; found with help of locals