സിപിഐഎമ്മിലെ കൂട്ടരാജി: ഉത്തര മലബാറിലെ നിയുക്ത എംഎല്‍എയുടെ നേതൃത്വത്തില്‍ പാലക്കാട് കണ്‍വെന്‍ഷന്‍

സിപിഐഎം പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂറിനെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടവരാണ് കണ്‍വെന്‍ഷന്‍ നടത്തുന്നത്

പാലക്കാട്: സിപിഐഎമ്മിലെ കൂട്ടരാജിക്ക് പിന്നാലെ പാലക്കാട് കണ്‍വെന്‍ഷന്‍ നടത്താന്‍ വിമതരുടെ നീക്കം. ഉത്തര മലബാറില്‍ നിന്നുള്ള നിയുക്ത എംഎല്‍എയുടെ നേതൃത്വത്തിലായിരിക്കും കണ്‍വെന്‍ഷന്‍. സിപിഐഎം പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂറിനെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടവരാണ് കണ്‍വെന്‍ഷന്‍ നടത്തുന്നത്.

പാലക്കാട്ടെ സിപിഐഎമ്മിലെ അസംതൃപ്തര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും പാര്‍ട്ടി വിട്ടവര്‍ വ്യക്തമാക്കി. ഈ മാസം അവസാനത്തിലാണ് സിപിഐഎം വിമതരുടെ കണ്‍വെന്‍ഷന്‍ നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പി കെ ശശിയുടെ നേതൃത്വത്തില്‍ സമാന രീതിയില്‍ വിമത കണ്‍വെന്‍ഷന്‍ വിളിച്ച് സിപിഐഎം വിമത പാര്‍ട്ടി രൂപീകരിച്ചിരുന്നു.

ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ച അബ്ദുല്‍ ഷുക്കൂറിനെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് മുപ്പതോളം പേര്‍ പാര്‍ട്ടി വിട്ടത്. നാല് ബ്രാഞ്ച് കമ്മിറ്റികളില്‍ നിന്നായി 24 പേര്‍ രാജിസമര്‍പ്പിച്ചു. കഴിഞ്ഞ ദിവസമാണ് പാലക്കാട് ഏരിയാ കമ്മിറ്റി അംഗമായിരുന്ന അബ്ദുല്‍ ഷുക്കൂറിനെ പാര്‍ട്ടിയില്‍ നിന്ന് തരംതാഴ്ത്തിയത്. ഏരിയാ കമ്മിറ്റി യോഗത്തില്‍വെച്ച് ജില്ലാ നേതൃത്വത്തോട് കലഹിച്ചതിന് പിന്നാലെയാണ് അബ്ദുല്‍ ഷുക്കൂറിനെ പാര്‍ട്ടി തരംതാഴ്ത്തിയത്.

'പാലക്കാട് ഏരിയാ കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂറിനെ നിരന്തരം പാര്‍ട്ടി ജില്ലാ സെക്രട്ടറി അധിക്ഷേപിക്കുകയാണ്. എന്റെ ഔദാര്യത്തിലാണ് നീ പാര്‍ട്ടി കമ്മിറ്റിയില്‍ ഇരിക്കുന്നത് എന്നാണ് അധിക്ഷേപിച്ചത്. അതില്‍ പ്രതിഷേധിച്ചാണ് ഞങ്ങളുടെ രാജി' എന്നാണ് രാജിവെച്ച അംഗങ്ങള്‍ പറയുന്നത്. ജില്ലാ സെക്രട്ടറിക്കെതിരായ പ്രതിഷേധമാണ് രാജിയെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Content Highlights: Following the mass resignations in the CPI(M), rebels move to hold a convention in Palakkad

To advertise here,contact us