കോട്ടയം: കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയില്‍ റോഷി അഗസ്റ്റിനും പ്രമോദ് നാരായണിനും വിമര്‍ശനം. കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റ ചര്‍ച്ചകള്‍ക്കിടെ ഫേസ്ബുക്കില്‍ 'തുടരും' പോസ്റ്റിട്ടത് ശരിയായില്ലെന്നാണ് വിമര്‍ശനം. ചില എംഎല്‍എമാര്‍ അത്തരത്തില്‍ പോസ്റ്റിട്ടത് അവമതിപ്പുണ്ടാക്കി. ഇത് മറ്റ് എംഎല്‍എമാരെയും മത്സരിച്ച സ്ഥാനാര്‍ത്ഥികളെയും പൊതുജനം സംശയിക്കുന്നതിന് കാരണമായെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
പാര്‍ട്ടി യോഗം ചേരുന്നതിന് മുന്‍പ് ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത് ശരിയായില്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. അത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമായി കാണണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. മുന്നണി മാറ്റ ചര്‍ച്ചകള്‍ക്കിടെ റോഷി അഗസ്റ്റിനും പ്രമോദ് നാരായണുമായിരുന്നു ഫേസ്ബുക്കില്‍ തുടരും പോസ്റ്റിട്ടത്.
സ്റ്റിയറിങ് കമ്മിറ്റിക്കിടെ പിണറായി വിജയനും സിപിഐഎമ്മിനും എല്‍ഡിഎഫ് നേതാക്കളുമെതിരെ വിമര്‍ശനം ഉയര്‍ന്നു. തോല്‍വിയുടെ കാരണം പിണറായി വിജയനാണെന്നാണ് നേതാക്കള്‍ പറഞ്ഞത്. ഇനിയും പിണറായി വിജയന് തന്നെ നയിച്ച് മുന്നോട്ട് പോയാല്‍ കനത്ത തിരിച്ചടി ഉണ്ടാകും. ബംഗാളിന് സമാനമായ അവസ്ഥയിലേക്ക് പോകും. സിപിഐയുടെ നിലപാടിനെ പിന്തുണയ്ക്കുന്നത് നല്ലതാകുമെന്നും അഭിപ്രായം ഉയര്‍ന്നു. സിപിഐഎം അണികള്‍ വ്യാപകമായി ക്രോസ് വോട്ട് ചെയ്തുവെന്നും നേതാക്കള്‍ പറഞ്ഞു. സാധാരണ ജനങ്ങളുടെ പള്‍സ് മനസിലാക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. കേരള കോണ്‍ഗ്രസ് എം ഒറ്റയ്ക്ക് നില്‍ക്കണമെന്ന അഭിപ്രായവും ചില നേതാക്കള്‍ ഉയര്‍ത്തി. ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിക്കണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
Content Highlights- Roshi Augustine and Pramod Narayan were criticised during the Kerala Congress M steering committee meeting over social media posts made amid alliance change discussions