മലപ്പുറം: കാലോചിതമായ പ്രശ്നങ്ങളില്‍ പ്രവര്‍ത്തിച്ച് സിപിഐഎം തിരിച്ചുവരുമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്മാന് ടി കെ ഹംസ. ഒരു ആശയത്തിന്റെ അടിസ്ഥാനത്തില്‍ നില്ക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം എന്നും തിരിച്ചുവരുമോ എന്ന് നോക്കി മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി അല്ലെന്നും ടി കെ ഹംസ പറഞ്ഞു. 35 വര്‍ഷം ഭരണം നടത്തിയ ബംഗാളില്‍ ഒരു സീറ്റ് മാത്രമാണ് ഇപ്പോള്‍ ഉളളത്. ത്രിപുരയില്‍ സീറ്റ് തന്നെ ഇല്ല. ബംഗാള്‍ പോലെയാകുമോ പാര്‍ട്ടിയെന്ന് പറയാന്‍ കഴിയില്ല. ധീരമായി മുന്നോട്ടുപോകുമെന്നും ടി കെ ഹംസ പറഞ്ഞു.
ഭരണത്തിന്റെ ഗുണദോഷം നോക്കിയല്ല തെരഞ്ഞെടുപ്പില്‍ വോട്ട് വരാറുളളതെന്നും യുഡിഎഫും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും ഒരുമിച്ച തെരഞ്ഞെടുപ്പാണിതെന്നും ടി കെ ഹംസ പറഞ്ഞു. മൂന്നാം പിണറായി സര്‍ക്കാര്‍ വന്നാല്‍ ഒരിക്കലും കമ്മ്യൂണിസ്റ്റുകാരെ മാറ്റാന്‍ കഴിയില്ലെന്ന പ്രചാരണം ഉണ്ടായെന്നും പാര്‍ട്ടിക്കുളളില്‍ ചെറിയ പ്രശ്നങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'കോലീബി സഖ്യവും ജമാഅത്തെ ഇസ്ലാമി പിന്തുണയുമാണ് യുഡിഎഫിനെ അധികാരത്തില്‍ എത്തിച്ചത്. തിരുത്തല്‍ വേണമെന്നത് പാര്‍ട്ടിയില്‍ നിന്നും വരുന്നതല്ല. പരാജയം വരുമ്പോള്‍ പല വ്യാഖ്യാനങ്ങളും ഉണ്ടാകും. രാഷ്ട്രീയ എതിരാളികളാണ് അതെല്ലാം പ്രചരിപ്പിക്കുന്നത്. പിണറായി വിജയനെ ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് അവര്‍ നോക്കുന്നത്. അങ്ങനെ ഒരു ആലോചന തന്നെ പാര്‍ട്ടിയില്‍ ഉണ്ടായിട്ടില്ല'- ടി കെ ഹംസ കൂട്ടിച്ചേര്‍ത്തു.
Content Highlights: 'I can't say whether the party will become like Bengal, we will move forward boldly' - TK Hamza