പത്തനംതിട്ട: ജ്യൂസില്‍ മയക്കുമരുന്ന് നല്കി യുവതിയെ ബലാത്സംഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ പിടിയില്‍. പത്തനംതിട്ട തട്ട സ്വദേശി വിനോദാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ യുവതി ഡിജിപിക്കും എസ്പിക്കും പരാതി നല്‍കിയിരുന്നു. നഗ്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതി വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി തന്നെ ബലാത്സംഗം ചെയ്തതായി യുവതി റിപ്പോര്‍ട്ടറിനോട് വ്യക്തമാക്കിയിരുന്നു. വിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞിരുന്നു.
കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി പതിവായി അയൽക്കാരൻ കൂടിയായ വിനോദിന്റെ ഓട്ടോറിക്ഷയാണ് വിളിക്കാറുണ്ടായിരുന്നത്. സ്വന്തം വീട്ടിലേക്ക് പോകാനായി ഇയാളെ വിളിച്ചു. യാത്രയ്ക്കിടെ ലൈസൻസ് എടുക്കാൻ മറന്നുപോയെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് യുവതിയെ നിർബന്ധിച്ച് വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് ലഹരി കലർന്ന ജ്യൂസ് നൽകി പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് യുവതി വെളിപ്പെടുത്തിയത്.
ഈ സമയത്താണ് ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ഇത് പുറത്തുവിടുമെന്ന് കാണിച്ച് യുവതിയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. തുടർച്ചയായി പീഡനത്തിന് ഇരയായതോടെ സംഭവം പ്രതിയുടെ ഭാര്യയോട് തുറന്നു പറഞ്ഞു. ഇതിൽ പ്രകോപിതനായ പ്രതി ഒരു ടാങ്കർ ലോറിയിൽ യുവതിയെ നിർബന്ധിച്ച് കയറ്റിക്കൊണ്ടുപോയി മർദിക്കുകയായിരുന്നുവെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.
Content Highlights: Auto driver arrested for assaulting woman in pathanamthitta