തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ വി ഡി സതീശനെ പിന്തുണച്ച് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫ്. വി ഡി സതീശന് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നിലപാടും കഴിവും പൊളിറ്റിക്കല്‍ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകമാണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ കാണിക്കേണ്ടതെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ സാറാ ജോസഫ് അഭിപ്രായപ്പെട്ടു.
ദേശീയ രാഷ്ട്രിയത്തില്‍ കോണ്‍ഗ്രസ് ഉണ്ടാകേണ്ടതിന്റെ ആവശ്യം പാര്‍ട്ടിയെക്കാള്‍ ജനങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇടതുപക്ഷത്തിന്റെ തോല്‍വി എന്നേക്കുമുള്ളതല്ല. അവര്‍ കരുത്തരായ പ്രതിപക്ഷമായിരിക്കുമെന്നത് ഉറപ്പാണ്. ആരോഗ്യകരമായ മത്സരം നടക്കുമ്പോഴും സംഘപരിവാര്‍ രാഷ്ട്രീയത്തെ ചെറുക്കാനുള്ള ഐക്യമാണ് ഉണ്ടാകേണ്ടതെന്നും സാറ ജോസഫ് ചൂണ്ടിക്കാട്ടി.
കൃത്യമായ ജനാധിപത്യ നിലപാടുള്ള കരുത്തനായ ഒരു ഭരണാധികാരിക്ക് മാത്രമേ വിശാലമായ ഐക്യം രൂപപ്പെടുത്താന്‍ കഴിയു. അതാരായിരിക്കും എന്ന പരീക്ഷണമാണ് കേരളത്തിലെ വോട്ടര്‍മാര്‍ നടത്തിയത്. മുഖ്യമന്ത്രിപദത്തിന് വേണ്ടിയുള്ള ഈ വടംവലി വിജയത്തിളക്കത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹൈക്കമാന്‍ഡ് തിരിച്ചറിയണമെന്നും സാറ ജോസഫ് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റ പൂർണ രൂപം:
ഇന്ന് ഇന്ത്യന്‍ ദേശീയരാഷ്ടീയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം കോണ്‍ഗ്രസുകാരേക്കാള്‍ പൊതുജനങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഉയര്‍ന്ന രാഷ്ടീയവിവേകമുള്ള ജനത എന്ന നിലയില്‍ കേരളവോട്ടര്‍മാര്‍ വന്‍ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ആ ദേശീയപ്പാര്‍ട്ടി നശിക്കാതിരിക്കാനും ഇന്ത്യാസഖ്യമെന്ന രാഷ്ട്രീയനീക്കത്തെ ബലപ്പെടുത്താനും വേണ്ടിയാണ്.
വി ഡി സതീശന് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നിലപാടും കഴിവും പൊളിറ്റിക്കല്‍ തന്ത്രങ്ങളും പരമാവധിഉപയോഗിക്കാനുള്ള വിവേകമാണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ കാണിക്കേണ്ടത്.ഇടതിന്റെ തോല്‍വി എന്നെന്നേക്കുമായിട്ടുള്ളതല്ല. അവര്‍ ശക്തമായ ഒരു പ്രതിപക്ഷമായിരിക്കും എന്നുറപ്പാണ്.അതാണ് വേണ്ടതും. ആരോഗ്യകരമായ മത്സരം നടക്കുമ്പോഴും സംഘപരിവാര്രാഷ്ടീയത്തെ ചെറുക്കാന്‍ കഴിയുന്ന വിശാലമായ ഐക്യമാണ് ഉണ്ടാവേണ്ടത്.
കൃത്യമായജനാധിപത്യനിലപാടുള്ള കരുത്തനായൊരു ഭരണാധികാരിക്ക് മാത്രമേ അത് രൂപപ്പെടുത്താനാവൂ. അതാരായിരിക്കും എന്ന പരീക്ഷണമാണ് കേരളാ വോട്ടര്‍മാര്‍ നടത്തിയിട്ടുള്ളത്. മുഖ്യമന്ത്രി പദവിക്കുവേണ്ടിയുള്ള ലജ്ജാകരമായ ഈ വടംവലി വിജയത്തിളക്കത്തെ അനുനിമിഷം നശിപ്പിച്ചുകൊണ്ടിരിയ്ക്കയാണെന്ന് ഹൈക്കമാന്‍ഡ് തിരിച്ചറിയണം. ജനമനസ്സറിയാനുള്ള കഴിവും വിവേകവും ദീര്‍ഘവീക്ഷണവും ഉണ്ടാവട്ടെ എന്നാശംസിയ്ക്കുന്നു.
Content Highlights: Writer Sara Joseph said the Congress high command should recognise and effectively use the political stance and strategies of V D Satheesan. Her remarks come amid ongoing discussions within the party regarding leadership and political direction in Kerala