തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് പിന്തുണയുമായി ചെറുകഥാകൃത്ത് ടി പത്മനാഭൻ. കോൺഗ്രസിന്റെ മുഖ്യമന്ത്രിയാകാനുള്ള പോരാട്ടത്തിൽ മുൻപന്തിയിലുള്ള മൂന്നുപേരിൽ കെ സി വേണുഗോപാലുമായും രമേശ് വ്യക്തിപരമായി വ്യക്തിപരമായി ബന്ധമുണ്ട്. എന്നാൽ വി ഡി സതീശനുമായി അത്ര അടുപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
പരിചയത്തിന്റെയും വാർത്തകളുടെയും വ്യക്തിബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം നൽകുക കെ സി വേണുഗോപാലിനാണ്. വേണുഗോപാലിന്റെ ഗുണങ്ങളും അർഹതയും മുൻനിർത്തിയാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിലും അസംബ്ലിയിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിത്വമാണ് കെ സി വേണുഗോപാൽ. രാഹുൽ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ, അദ്ദേഹത്തെ നയിക്കുന്ന വേണുഗോപാലിനെ മുഖ്യമന്ത്രിയായി പിന്തുണയ്ക്കാൻ കാരണമിതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഫ്ലക്സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ജനവികാരം കണക്കിലെടുക്കുമെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ പ്രതികരിച്ചു. പ്രകടനങ്ങൾ നാട്ടുകാർ കണ്ട് ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ പ്രക്രിയയിൽ ഇതൊക്കെ പതിവാണ്. ജനവികാരം കണക്കിലെടുത്തുകൊണ്ടുള്ള തീരുമാനമെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വന്ന് നാലാം ദിവസവും ആരാകും മുഖ്യമന്ത്രി എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ കോൺഗ്രസിൽ തുടരുകയാണ്. എംഎൽഎമാരുടെ നിലപാടറിഞ്ഞ് എഐസിസി നിരീക്ഷകർ മടങ്ങിയതോടെ ഡൽഹി കേന്ദ്രീകരിച്ചാണ് തുടർ ചർച്ചകൾ. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്ക്, അജയ് മാക്കൻ എന്നിവർ ഹൈക്കമാൻഡിന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.
നിലവിൽ ഭൂരിപക്ഷ എംഎൽഎമാരുടെയും പിന്തുണ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനാണ് ലഭിച്ചിരിക്കുന്നത്. 48 പേരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാൽ പക്ഷത്തിന്റെ അവകാശവാദം. 35 പേരുടെ പിന്തുണയുണ്ടെന്ന് വി ഡി സതീശൻ പക്ഷവും 23 പേരുടെ പിന്തുണയുണ്ടെന്ന് രമേശ് ചെന്നിത്തല വിഭാഗവും അവകാശപ്പെടുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കുമെന്നാണ് വിവരം.
Content Highlights: Writer T Padmanabhan said he does not have a very close personal relationship with V D Satheesan and stated that K C Venugopal should become the Chief Minister