പാനൂരിൽ സ്‌ഫോടക വസ്തു പൊട്ടി 11കാരന് പരിക്കേറ്റ സംഭവം: ദുരൂഹത നീക്കി പൊലീസ്; അപകടം കുട്ടികൾ കളിക്കുന്നതിനിടെ

ഓലപ്പടക്കം അഴിച്ച് വെടിമരുന്ന് സ്റ്റീല്‍ ബോളില്‍ നിറച്ച് തീ കൊളുത്തിയപ്പോഴാണ് അപകടമുണ്ടായത്

കണ്ണൂര്‍: പാനൂരില്‍ സ്‌ഫോടക വസ്തു പൊട്ടി 11 വയസുകാരന് പരിക്കേറ്റ സംഭവത്തില്‍ ദുരൂഹത നീക്കി പൊലീസ്. കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പൊലീസ് വിശദീകരണം. കര്‍ട്ടന്‍ പൈപ്പിന്റെ സ്റ്റീല്‍ ബോള്‍ ഉപയോഗിച്ച് സ്‌ഫോടകവസ്തു നിര്‍മിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.

ഓലപ്പടക്കം അഴിച്ച് വെടിമരുന്ന് സ്റ്റീല്‍ ബോളില്‍ നിറച്ച് തീ കൊളുത്തിയപ്പോഴാണ് അപകടമുണ്ടായത്. വെടിമരുന്ന് സ്റ്റീല്‍ ഡബ്ബയില്‍ നിറച്ച് കളിക്കുന്നതിനിടെയായിരുന്നു കുട്ടിക്ക് പരിക്കേറ്റത്. സ്‌ഫോടനത്തില്‍ പതിമൂന്നുകാരന്റെ വിരൽ അറ്റ് പോയിരുന്നു. കുട്ടി പൊലീസിന് മൊഴി നല്‍കിയതോടെയാണ് സംഭവത്തിലെ ദുരൂഹത നീങ്ങിയത്.

സ്ഥലത്തുനിന്നും ഓലപ്പടക്കവും അവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു. ചൊവ്വാഴ്ച രണ്ടരയോടെയാണ് സംഭവം നടന്നത്. വീടിനോട് ചേര്‍ന്ന് കിണര്‍ കുഴിക്കാനുള്ള സ്ഥലത്ത് വെച്ചായിരുന്നു കുട്ടിക്ക് കളിക്കുന്നതിനിടെ അപകടമുണ്ടായത്. ഇടതുകൈക്ക് മാരകമായി പരിക്കേറ്റ കുട്ടിയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Content Highlights: Police have solved the mystery surrounding the incident in which an 11-year-old boy was injured in Panur

To advertise here,contact us