'ജനമനസ് മനസിലാക്കുന്നതില്‍ താന്‍ പരാജയപ്പെട്ടു'; പയ്യന്നൂരിലെ പരാജയത്തില്‍ പി കെ ശ്രീമതി

'പൂര്‍വ്വാധികം ഓജസ്സോടുകൂടി ആര്‍ജ്ജവത്തോടെ LDF തിരിച്ച് എത്തും ജനസേവനത്തിനായി'

കണ്ണൂര്‍: പയ്യന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് പി കെ ശ്രീമതി. ജനമനസ് മനസിലാക്കുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്ന് പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു.

പയ്യന്നൂരില്‍ ഒരു മാസം പ്രവര്‍ത്തിച്ചു. ജയിക്കാന്‍ കഴിയുമോ എന്നതില്‍ ആദ്യം ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ ജയിക്കുമെന്ന് തന്നെയാണ് കരുതിയെന്നും പി കെ ശ്രീമതി കുറിച്ചു.

'ജനമനസ്സ് മനസിലാക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു . പയ്യന്നൂരില്‍ ഒരു മാസം പ്രവര്‍ത്തിച്ചു.ജയിക്കാന്‍ കഴിയുമോ എന്നതില്‍ ആദ്യം അല്പം ആശങ്ക ഉണ്ടായിരുന്നു . എന്നാല്‍ ജയിക്കുമെന്ന് തന്നെ കരുതി. കാരണം എണ്ണയിട്ട യന്ത്രം പോലെ പാര്‍ട്ടിയും എല്‍. ഡി. എഫും സ്ഥാനാര്‍ഥിയും പ്രവര്‍ത്തിച്ചു. എന്നാല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരുവിഭാഗം മനോഭാവം മറച്ചു വെച്ച് എല്‍. ഡി എഫിന്റെ സ്ഥാനാര്‍ത്ഥിക്കെതിരെ വോട്ട് ചെയ്തു. ദയനീയമായ പരാജയം തന്നെ ഏല്‍ക്കേണ്ടിവന്നു.

പരാജയം നമുക്ക് പുത്തനൊന്നുമല്ല. കേരളത്തില്‍ ഇതിന് മുന്‍പും ഇത്‌പോലെയോ ഇതിനേക്കാള്‍ കൂടുതലോ കനത്ത പരാജയം ഉണ്ടായിട്ടുണ്ട്; കൂടുതല്‍ കരുത്തോടെ പിന്നീട് ജയിച്ചു വന്നിട്ടുമുണ്ട്.2001 ല്‍ 40 അംഗങ്ങള്‍ മാത്രമുണ്ടായിരുന്നത് 2006ല്‍ 100 എം. എല്‍. എ മാരായി എല്‍. ഡി. എഫ് തിരിച്ചെത്തി സര്‍ക്കാര്‍ രൂപീകരിച്ചത് ആരും മറക്കില്ല. ഇത്തവണയും ഉണ്ടായ പിഴവുകള്‍ എന്താണെന്ന് മനസ്സിലാക്കി ജനങ്ങള്‍ക്കുവേണ്ടി വിശ്രമരഹിതമായി പ്രവര്‍ത്തിച്ചും പൊരുതിയും അവരുടെ വിശ്വാസവും സ്‌നേഹവും നേടിയും പൂര്‍വ്വാധികം ഓജസ്സോടുകൂടി ആര്‍ജ്ജവത്തോടെL. D. F. തിരിച്ച് എത്തും ജനസേവനത്തിനായി.', പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു.

To advertise here,contact us