ജി സുധാകരന്‍ റിപ്പോര്‍ട്ടര്‍ ടി വി പ്രതിനിധിയോട് നടത്തിയ അധിക്ഷേപ പരാമര്‍ശം പിന്‍വലിക്കണം; കെയുഡബ്ല്യുജെ

'സംസ്ഥാനത്തെ ഒരു മുന്‍മന്ത്രി കൂടിയായ ജി സുധാകരന്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയില്‍ കാണിക്കേണ്ട ഉത്തരവാദിത്വം മറന്നു'

ആലപ്പുഴ: റിപ്പോര്‍ട്ടര്‍ ടിവി മാധ്യമപ്രവര്‍ത്തകന്‍ പ്രതികരണം തേടുന്നതിനിടയില്‍ അധിക്ഷേപ പരമാര്‍ശം നടത്തിയ ജി സുധാകരന്റെ നടപടിയില്‍ പ്രതിഷേധം അറിയിച്ച് കെയുഡബ്ല്യുജെ ആലപ്പുഴ ജില്ലാ കമ്മിറ്റിയും പ്രസ് ക്ലബും. അമ്പലപ്പുഴയിലെ വസതിയില്‍ വച്ച് യുഡിഎഫ് പിന്തുണയോടെ വിജയിച്ച സിപിഐഎം നേതാവ് ജി സുധാകരനോട് പ്രതികരണം തേടിയപ്പോഴാണ് അധിക്ഷേപ പരാമർശം ഉണ്ടായത്.

സംസ്ഥാനത്തെ ഒരു മുന്‍മന്ത്രി കൂടിയായ ജി സുധാകരന്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയില്‍ കാണിക്കേണ്ട ഉത്തരവാദിത്വം മറന്നു. അങ്ങേയറ്റം അമാന്യമായ ഭാഷാപ്രയോഗമാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രതിനിധിയായ മനീഷ് മഹിപാലിനോട് നടത്തിയത്. മാധ്യമപ്രവര്‍ത്തകനെ മൂന്നാംകിട എന്നു വിളിച്ച അദ്ദേഹം ഈ പ്രയോഗം നടത്തിയ ഭാര്യയെ തടയാന്‍ തയ്യാറായില്ല എന്നത് ഏറ്റവും ഞെട്ടിക്കുന്നതാണെന്നും കെയുഡബ്ല്യുജെ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയനേതാക്കളുടെയും ജനപ്രതിനിധികളുടെയും വീടുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെത്തുന്നത് സര്‍വസാധാരണമാണ്. കേരളം ഇന്നോളം കണ്ട എല്ലാ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വീടുകളിലും മാധ്യമപ്രവര്‍ത്തകര്‍ വിവരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്. മാത്രമല്ല രാഷ്ട്രീയ ലോകത്തെ ഞെട്ടിച്ച പല സുപ്രധാന തീരുമാങ്ങളും രാഷ്ട്രീയ നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ വീട്ടിലേക്ക് വിളിച്ചു വരുത്തി അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ വീട്ടില്‍ വന്നു എന്നതുപോലും ആക്ഷേപിക്കാന്‍ കാരണമാക്കുന്ന അദ്ദേഹത്തിന്റെ നിലപാട് ജനാധിപത്യ പ്രക്രിയയോടുള്ള പരിഹാസമാണെന്ന് കെയുഡബ്ല്യുജെയും ആലപ്പുഴ പ്രസ് ക്ലബും ചൂണ്ടിക്കാട്ടി.

കേരളത്തിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ ജി സുധാകരനില്‍ നിന്നും ഇത്തരം സമീപനമല്ല രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുന്നത്. അദ്ദേഹം തിരുത്തണമെന്നും അധിക്ഷേപപരാമര്‍ശം പിന്‍വലിക്കണ മെന്നും കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റിയും ആലപ്പുഴ പ്രസ് ക്ലബ്ബും ആവശ്യപ്പെടുന്നു. മുന്‍ എംഎല്‍എ യു പ്രതിഭയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തോട് 'തേര്‍ഡ് റേറ്റ് ചോദ്യങ്ങള്‍ ചോദിക്കരുതെ'ന്നായിരുന്നു അധിക്ഷേപം. സുധാകരന്റെ ഭാര്യയും റിപ്പോര്‍ട്ടറെ അധിക്ഷേപിച്ചു. തന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്നായിരുന്നു ജി സുധാകരന്റെ പ്രതികരണം.

Content Highlights: KUWJ has demanded that G Sudhakaran withdraw the alleged insulting remarks made against a Reporter TV representative. The issue has sparked reactions from the media community and journalist organizations

To advertise here,contact us