തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്നതില്‍ സസ്പെന്‍സ് തുടരുകയാണ്. എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്കാണ്. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നിക്, അജയ് മാക്കന് എന്നിവര്‍ കെ സുധാകരന്, വിഎം സുധീരന്, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ നേതാക്കളുമായി ചര്‍ച്ച നടത്തി. മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ച കഴിഞ്ഞ ശേഷമായിരിക്കും എംഎല്‍എമാരെ കാണുക.
കെ സി വേണുഗോപാലിന്റെ വരവ് തടയാന്‍ വിഡി സതീശന് - രമേശ് ചെന്നിത്തല പക്ഷങ്ങള്‍ കൈകോര്‍ത്തേക്കും എന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. കെ സി വേണുഗോപാലിന് ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പായതോടെയാണ് ചെന്നിത്തല വിഭാഗത്തിന്റെ നീക്കം. മുഖ്യമന്ത്രി പദം സംബന്ധിച്ച് വി ഡി സതീശന് വിട്ടുവീഴ്ച ചെയ്യുമെന്നാണ് രമേശ് ചെന്നിത്തല വിഭാഗത്തിന്റെ പ്രതീക്ഷ.
45 എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച ആത്മവിശ്വാസത്തിലാണ് എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാല്‍ പക്ഷം. 25 എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ചെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അവകാശപ്പെടുന്നു. പരമാവധി എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തെത്തിക്കാനുള്ള ശ്രമത്തിലാണ് മൂന്ന് നേതാക്കളും.
അതേസമയം നിര്‍ണായക കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ആരംഭിച്ചു. അഭിപ്രായങ്ങള്‍ ഇന്നുതന്നെ ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നാണ് വിവരം. ശേഷം കേരളത്തില്‍ നിന്നുള്ള നേതാക്കളെ നാളെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കും.
അതിനിടയിലും നേതാക്കള്‍ക്കായുള്ള ഫ്ളക്സ് യുദ്ധം തുടരുകയാണ്. ഡല്‍ഹിയില്‍ കേരള ഹൗസിന് മുന്നില്‍ വി ഡി സതീശന് വേണ്ടി ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പട നയിച്ചവന്‍ നാട് നയിക്കട്ടെ എന്നാണ് ഫ്ളക്സിലെ വാചകം. കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ കെസി വേണുഗോപാലിന് വേണ്ടിയും ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. വീ വാണ്ട് കെ സി എന്ന തലക്കെട്ടിലാണ് ബോര്‍ഡ് സ്ഥാപിച്ചത്.
കഴിഞ്ഞദിവസം രാത്രി വി ഡി സതീശനായി പന്തം കൊളുത്തി പ്രകടനം നടന്നു. ഇന്നലെ രാത്രി കോട്ടയം പമ്പാവാലിയില്‍ ആണ് സംഭവം. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തയ്യാറാകണമെന്നാണ് ആവശ്യം. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ആളുകള്‍ പ്രകടനത്തിന്റെ ഭാഗമായി.
Content Highlights: Chief Minister Post Discussion V D Satheesan and Ramesh Chennithala Groups Uniting