വീണ ജോര്‍ജിന്റെ സ്വന്തം ബൂത്തിലും അബിന്‍ വര്‍ക്കി; മണ്ഡലം പിടിച്ചെടുത്തത് ചില്ലറ വോട്ടിനല്ല

18,985 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അബിന്‍ വര്‍ക്കിയുടെ ജയം.

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന്റെ സ്വന്തം ബൂത്തിലും ലീഡ് എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന യുഡിഎഫിന്റെ അബിന്‍ വര്‍ക്കിക്ക്. മണ്ഡലത്തില്‍ വിജയിച്ച അബിന്‍ വര്‍ക്കി വീണ ജോര്‍ജിന്റെ ബൂത്തില്‍ 53 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്.

പത്തനംതിട്ട നഗരസഭയില്‍ നാലാം വാര്‍ഡ് ആനപ്പാറ ഗവ. എല്‍പി സ്‌കൂളിലെ 262ാം ബൂത്തിലാണ് വീണാ ജോര്‍ജ് വോട്ട് ചെയ്തത്. അവിടെ അബിന്‍ വര്‍ക്കി 427, വീണ ജോര്‍ജ് 374, കുമ്മനം രാജശേഖരന് 19 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്.

കോണ്‍ഗ്രസിന്റെ അബിന്‍ വര്‍ക്കിയോട് അപ്രതീക്ഷിതമായാണ് വീണാ ജോര്‍ജിന്റെ തോല്‍വി. 18,985 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അബിന്‍ വര്‍ക്കിയുടെ ജയം. അബിന്‍ വര്‍ക്കി 70,083 വോട്ടുകള്‍ നേടിയപ്പോള്‍ വീണാ ജോര്‍ജിന് 51,098 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് നടത്തിയത്. 102 സീറ്റാണ് യുഡിഎഫ് നേടിയത്. ഇടതുപക്ഷം 35 സീറ്റുകളില്‍ മാത്രമായി ഒതുങ്ങി. ബിജെപി 3 സീറ്റുകളുമായി അക്കൗണ്ട് തുറക്കുകയും ചെയ്തു. കഴക്കൂട്ടം, ചാത്തന്നൂര്‍, നേമം എന്നിവിടങ്ങളിലാണ് ബിജെപി ജയിച്ചത്.

വലിയ തിരിച്ചടിയാണ് ഇടതുപക്ഷം നേരിട്ടത്. 13 മന്ത്രിമാരാണ് പരാജയപ്പെട്ടത്. മുന്നണിയിലെ പ്രബല കക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. പാലായില്‍ ജോസ് കെ മാണിയും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും തോറ്റു. സിപിഐഎമ്മിന്റെ ഉരുക്കുകോട്ടകളായ തളിപ്പറമ്പിലും പയ്യന്നൂരിലും അമ്പലപ്പുഴയിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുകയായിരുന്നു.

Content Highlights: Abin Varkey takes lead even in Veena George’s own booth

To advertise here,contact us