ഡല്‍ഹി: മുഖ്യമന്ത്രി പദത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തിയതായി വിവരം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തി. നേതാക്കള്‍ക്ക് മുന്നില്‍ രമേശ് ചെന്നിത്തല അവകാശവാദങ്ങള്‍ നിരത്തിയതായാണ് സൂചന.
2021ല്‍ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കിയത് എംഎല്‍എമാരുടെ പിന്തുണ ഇല്ലാത്തതുകൊണ്ടല്ലെന്ന് രമേശ് ചെന്നിത്തല നേതാക്കളെ അറിയിച്ചു. എംഎല്‍എമാരുടെ പിന്തുണ തനിക്ക് ഉണ്ടായിരുന്നുവെന്നും എന്നിട്ടും താന്‍ മാറിനിന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി മാനദണ്ഡം എംഎല്‍എമാരുടെ പിന്തുണ മാത്രമാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുമ്പ് പല ഘട്ടങ്ങളിലും നേതാക്കള്‍ക്ക് വേണ്ടി മാറി നിന്നിട്ടുണ്ടെന്നും ഭരണ തലത്തില്‍ തനിക്ക് കൃത്യമായ പരിചയം ഉണ്ടെന്നുമുള്ള കാര്യങ്ങള്‍ രമേശ് ചെന്നിത്തല നേതാക്കളെ അറിയിച്ചെന്നാണ് വിവരം.
നിലവില്‍ 45 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ അവകാശപ്പെടുന്നത്. 25 എംഎല്‍എമാരുടെ പിന്തുണ രമേശ് ചെന്നിത്തലയും അവകാശപ്പെടുന്നു. 25 എംഎല്‍എമാരുടെ പിന്തുണയാണ് വി ഡി സതീശന് പ്രതീക്ഷിക്കുന്നത്. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നികും അജയ് മാക്കനും ഇന്ന് തിരുവനന്തപുരത്ത് എത്തും. നിയമസഭാ കക്ഷിയോഗത്തിന് മുന്‍പ് എംഎല്‍എമാരെ നേരിട്ട് കാണാനാണ് നീക്കം.
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ എംഎല്‍എമാര്‍ക്ക് രഹസ്യമായി അഭിപ്രായം അറിയിക്കാന്‍ അവസരമൊരുക്കണം എന്ന് വി ഡി സതീശന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിരീക്ഷകര്‍ അല്ലാത്തവര്‍ അഭിപ്രായം കേള്‍ക്കേണ്ടതില്ലെന്നാണ് വി ഡി പക്ഷത്തിന്റെ വാദം.
കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെ വിശ്വാസമില്ലെന്നാണ് വി ഡി പക്ഷം പറയുന്നത്. എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ ദീപ ദാസ് മുന്‍ഷി ഉണ്ടാകാന്‍ പാടില്ലെന്നാണ് ആവശ്യം. ഇക്കാര്യം വി ഡി സതീശന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് ആവശ്യപ്പെട്ടു.
Content Highlights: Senior Congress leader Ramesh Chennithala has reportedly made crucial moves in Delhi to secure the post of Chief Minister