കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന് രാജിവയ്ക്കണമെന്ന് വടകരയിലെ നിയുക്ത എംഎല്‍എ കെ കെ രമ. പിണറായി പോലൊരു സ്ഥലത്ത് ധര്‍മ്മടം മണ്ഡലത്തില്‍ ആറ് തവണയാണ് പിണറായി വിജയന്റെ ലീഡ് താഴെ പോയതെന്നും അത് പരാജയം തന്നെയാണെന്നും കെ കെ രമ പറഞ്ഞു. പാര്‍ട്ടി ഗ്രാമത്തില്‍ ഇരട്ടച്ചങ്കന് വിയര്‍ക്കുന്ന കാഴ്ച്ച നാം കണ്ടതാണെന്നും പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വയ്ക്കുന്നതാണ് നല്ലതെന്നും കെ കെ രമ പറഞ്ഞു.
കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ആരെ തീരുമാനിക്കുന്നോ അത് അംഗീകരിക്കുമെന്നും കെ കെ രമ വ്യക്തമാക്കി. 'മികച്ച വിജയമാണ് യുഡിഎഫിനുണ്ടായത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങള്‍, രക്തസാക്ഷികളുടെ ഗ്രാമങ്ങള്‍, കയ്യൂരും കരിവെളളൂരുമുള്പ്പെടെയുളള ഗ്രാമങ്ങളില്‍ പാര്‍ട്ടിക്ക് അടിപതറി എന്ന് പറയുമ്പോള്‍ പാര്ട്ടിക്കാര് മുഴുവന്‍ കൈപ്പത്തിക്ക് വോട്ടുചെയ്തു എന്നാണ് കാണേണ്ടത്. അരിവാളിനല്ലാതെ മറ്റൊരു ചിഹ്നത്തിന് വോട്ടുചെയ്യാന്‍ താല്‍പ്പര്യമില്ലാത്ത കമ്മ്യൂണിസ്റ്റുകാര്‍ കൈപ്പത്തിക്കും കോണിക്കും വോട്ടുചെയ്യാന്‍ തയ്യാറായിട്ടുണ്ടെങ്കില്‍ അത്രയധികം ഭരണവിരുദ്ധ, പാര്‍ട്ടി വിരുദ്ധ, നേതാക്കള്‍ക്കെതിരായ വികാരം അണികളിലുണ്ട്. വലിയ ഭൂരിപക്ഷമാണ് വിജയിച്ചയിടങ്ങളിലെല്ലാം യുഡിഎഫിനുണ്ടായത്. എല്‍ഡിഎഫ് ജയിച്ചിടങ്ങളില്‍ വളരെ കുറവ് വോട്ടിനാണ് അവരുടെ ജയം. പാര്‍ട്ടിയുടെ ഇന്നത്തെ പോക്കിനെതിരെ അണികള്‍ തന്നെയാണ് തീരുമാനമെടുത്തത്'- കെ കെ രമ പറഞ്ഞു.
മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ച ചോദ്യത്തിന്, അത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനമെടുക്കും എന്നുമായിരുന്നു കെ കെ രമയുടെ മറുപടി. 'കഴിഞ്ഞ 5 വര്‍ഷവും നിയമസഭയില്‍ ഞങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ 99 പേര് നടത്തിയ ശ്രമങ്ങളുണ്ട്. അപ്പോഴും ഞങ്ങള്‍ 41 പേര് ഉണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് 35 പേരേയുളളു. ഞങ്ങള്‍ പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താന്‍ തയ്യാറാവില്ല. ജനാധിപത്യപരമായി അവര്‍ക്ക് പറയാനുളളത് കേള്‍ക്കുകയും വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോവുകയും ചെയ്യും. ജനങ്ങള്‍ക്കുവേണ്ടി ശക്തമായ ഭരണം കാഴ്ച്ചവയ്ക്കും'-കെ കെ രമ കൂട്ടിച്ചേര്‍ത്തു.
Content Highlights: Pinarayi Vijayan should take moral responsibility for the election defeat and resign - KK Rama