മുഖ്യമന്ത്രി ചർച്ച; MLAമാർക്ക് രഹസ്യമായി അഭിപ്രായം പറയാൻ അവസരമൊരുക്കണമെന്ന് വി ഡി സതീശൻ; ഖർഗെയുമായി സംസാരിച്ചു

45 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ അവകാശപ്പെടുന്നത്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുളള നടപടികളിലേക്ക് കടന്ന് കോണ്‍ഗ്രസ്. എംഎല്‍എമാരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചു. പിന്തുണ ഉറപ്പാക്കാനുളള ശ്രമത്തിലാണ് ഗ്രൂപ്പ് നേതാക്കള്‍. 45 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ അവകാശപ്പെടുന്നത്. 25 എംഎല്‍എമാരുടെ പിന്തുണ രമേശ് ചെന്നിത്തലയും അവകാശപ്പെടുന്നു. 25 എംഎല്‍എമാരുടെ പിന്തുണയാണ് വി ഡി സതീശൻ പ്രതീക്ഷിക്കുന്നത്. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നികും അജയ് മാക്കനും ഇന്ന് തിരുവനന്തപുരത്ത് എത്തും. നിയമസഭാ കക്ഷിയോഗത്തിന് മുന്‍പ് എംഎല്‍എമാരെ നേരിട്ട് കാണാനാണ് നീക്കം.

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ എംഎല്‍എമാര്‍ക്ക് രഹസ്യമായി അഭിപ്രായം അറിയിക്കാന്‍ അവസരമൊരുക്കണം എന്ന് വി ഡി സതീശന്‍ ഹെെക്കമാൻഡിനോട് ആവശ്യപ്പെട്ടു. നിരീക്ഷകര്‍ അല്ലാത്തവര്‍ അഭിപ്രായം കേള്‍ക്കേണ്ടതില്ലെന്നാണ് വി ഡി പക്ഷത്തിന്റെ വാദം. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെ വിശ്വാസമില്ലെന്നാണ് വി ഡി പക്ഷം പറയുന്നത്. എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ ദീപ ദാസ് മുന്‍ഷി ഉണ്ടാകാന്‍ പാടില്ലെന്നാണ് ആവശ്യം. ഇക്കാര്യം വി ഡി സതീശൻ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയോട് ആവശ്യപ്പെട്ടു.

അതേസമയം, സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് വി ഡി പക്ഷം. വി ഡി സതീശന് വേണ്ടി സോണിയാ ഗാന്ധിക്ക് ഇമെയില്‍ സന്ദേശം അയയ്ക്കാനാണ് ആഹ്വാനം. പ്രൊഫഷണല്‍ കോണ്‍ഗ്രസ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ആഹ്വാനം. സന്ദേശത്തിന്റെ പകര്‍പ്പും ഗ്രൂപ്പില്‍ പങ്കുവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് വി ഡി അര്‍ഹനാണ് എന്നാണ് സന്ദേശത്തില്‍ പറയുന്നത്. എംപിമാരെ മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കരുതെന്നും ആവശ്യം. അഞ്ചുവര്‍ഷം നിലത്തിറങ്ങി പോരാട്ടം നയിച്ച നേതാവാണ് വി ഡിയെന്നും സന്ദേശത്തില്‍ പറയുന്നു. പ്രൊഫഷണല്‍ കോണ്‍ഗ്രസ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ യുഡിഎഫ് തരംഗമാണ് ഉണ്ടായത്. ആകെയുളള 140-ൽ 102 സീറ്റില്‍ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിലെത്തി. എല്‍ഡിഎഫിന് 35 സീറ്റാണ് ലഭിച്ചത്. സംസ്ഥാനത്തിന്റ ചരിത്രത്തിലാദ്യമായി എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിച്ചു. കോണ്‍ഗ്രസ്-63, മുസ്‌ലിം ലീഗ്-22, കേരളാ കോണ്‍ഗ്രസ്-7, സ്വതന്ത്രര്‍-4, ആര്‍എസ്പി-3, ആര്‍എംപി-1, കേരള കോണ്‍ഗ്രസ് ജേക്കബ്-1, സിഎംപി-1 എന്നിങ്ങനെയാണ് യുഡിഎഫിന്റെ വോട്ട് നില. സിപിഐഎം-26, സിപിഐ-8, ആര്‍ജെഡി-1 എന്നിങ്ങനെയാണ് എല്‍ഡിഎഫ് വോട്ട് നില. ബിജെപി നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലാണ് വിജയിച്ചത്.

Content Highlights: Congress CM talks; MLAs summoned to the capital, leaders to ensure support

To advertise here,contact us