'പ്രസ്ഥാനങ്ങൾ നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് പ്രാധാന്യം നൽകണം,ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും'

'ജനങ്ങളുടെ പൾസ് തിരിച്ചറിയുന്നതാണ് യഥാർത്ഥ രാഷ്ട്രീയമെന്നാണ് അച്ഛൻ വിശ്വസിച്ചിരുന്നത്. എന്നാൽ ഇന്ന് രാഷ്ട്രീയ ചലനങ്ങളെ ജനപക്ഷത്ത് നിന്ന് വിശകലനം ചെയ്യുന്ന രീതി നഷ്ടമായി'

തിരുവനന്തപുരം: എൽഡിഎഫിൻ്റെ പരാജയത്തിൽ പരോക്ഷ വിമർശനവുമായി വി എസ് അച്യുതാനന്ദൻ്റെ മകൻ വിഎ അരുൺകുമാർ. തെരഞ്ഞടുപ്പും ഫലപ്രഖ്യാപനവും തന്നെ എവിടെയൊക്കയോ സ്പർശിക്കുകയാണന്നും അച്ഛൻ്റെ സാന്നിധ്യമില്ലാതെ ആദ്യത്തെ തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്നും അരുൺകുമാർ പറഞ്ഞു. ജനങ്ങളുടെ പൾസ് തിരിച്ചറിയുന്നതാണ് യഥാർത്ഥ രാഷ്ട്രീയമെന്നാണ് അച്ഛൻ വിശ്വസിച്ചിരുന്നത്. എന്നാൽ ഇന്ന് രാഷ്ട്രീയ ചലനങ്ങളെ ജനപക്ഷത്ത് നിന്ന് വിശകലനം ചെയ്യുന്ന രീതി നഷ്ടമായി. പ്രസ്ഥാനങ്ങൾ നീതിക്കും അഴിമതിക്കുമെതിരായ പോരാട്ടങ്ങൾക്ക് പ്രാധാന്യം നൽകേണ്ട സമയം അതിക്രമിച്ചെന്നും ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കുമെന്നും അദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂ‍ർണ്ണരൂപം

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമെല്ലാം വ്യക്തിപരമായി എന്നെ എവിടെയൊക്കെയോ സ്പർശിക്കുകയാണ്. അച്ഛന്റെ സാന്നിദ്ധ്യമില്ലാത്ത ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഓരോ രാഷ്ട്രീയ ചലനങ്ങളെയും ജനപക്ഷത്തുനിന്ന് വിശകലനം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ആ ശബ്ദം ഇന്ന് എനിക്കും ഈ നാടിനും ഒരുപോലെ നഷ്ടമാണ്. അച്ഛൻ എന്നും വിശ്വസിച്ചിരുന്നത് ജനങ്ങളുടെ പൾസ് തിരിച്ചറിയുന്നതാണ് യഥാർത്ഥ രാഷ്ട്രീയമെന്നാണ്. അദ്ദേഹം ആൾക്കൂട്ടങ്ങളിൽ ആവേശം കണ്ടെത്തിയിരുന്നു എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ആദർശങ്ങളിൽ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങൾ എത്രത്തോളം ഗൗരവമായി കാണുമെന്ന് അച്ഛന് നല്ല ബോദ്ധ്യമുണ്ടായിരുന്നു.

പ്രസ്ഥാനങ്ങൾ അവയുടെ വേരുകളിലേക്ക്, അതായത് സാധാരണക്കാരന്റെ നീതിക്കും പരിസ്ഥിതിക്കും അഴിമതിക്കെതിരായ പോരാട്ടങ്ങൾക്കും പ്രാധാന്യം നൽകുന്ന ആ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും.

Content Highlights: VA Arun Kumar reacts to the announcement of the assembly election results

To advertise here,contact us