കൂക്കി വിളിച്ചവരും വോട്ട് ചെയ്തത് ഗോവിന്ദന്? മലപ്പട്ടത്തിന്റെ മണ്ണിലും ഗോവിന്ദന് മുന്നേറ്റം, CPIM പിന്നില്‍

പാര്‍ട്ടി ഗ്രാമങ്ങള്‍പോലും തനിക്കൊപ്പം നിന്നുവെന്ന് ടി കെ ഗോവിന്ദന്‍ പറഞ്ഞു

കണ്ണൂര്‍: തളിപ്പറമ്പില്‍ സിപിഐഎം ശക്തികേന്ദ്രമായ മലപ്പട്ടത്തെ സ്വന്തം ബൂത്തിലും യുഡിഎഫ് സ്വതന്ത്രന്‍ ടി കെ ഗോവിന്ദന് ലീഡ്. 420 വോട്ടാണ് യുഡിഎഫിന് ലഭിച്ചത്. ഇവിടെ സിപിഐഎം സ്ഥാനാര്‍ത്ഥി പി കെ ശ്യാമളയ്ക്ക് 292 വോട്ടുമാത്രമാണ് ലഭിച്ചത്. വോട്ടെടുപ്പ് ദിവസം ടി കെ ഗോവിന്ദനും ഭാര്യയും ഇവിടെ വോട്ട് രേഖപ്പെടുത്താനായി എത്തിയപ്പോള്‍ സിപിഐഎം പ്രവര്‍ത്തകര്‍ കൂക്കി വിളിച്ചിരുന്നു. അതേ ബൂത്തിലാണ് പാര്‍ട്ടിക്ക് ഇപ്പോള്‍ തിരിച്ചടി നേരിട്ടത്.

പാര്‍ട്ടി ഗ്രാമങ്ങള്‍പോലും തനിക്കൊപ്പം നിന്നുവെന്ന് ടി കെ ഗോവിന്ദന്‍ പറഞ്ഞു. തന്നെ കൂക്കിവിളിച്ചവരും തനിക്ക് വോട്ട് ചെയ്തു. കുടുംബം പോലും ഒപ്പമില്ലെന്നാണ് അന്ന് സിപിഐഎം പരിഹസിച്ചതെന്നും ടി കെ ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. 'മാഷിന്റെ കുടുംബം പോലും ഒപ്പമില്ലെന്ന ജയരാജന്റെ പ്രസംഗത്തിന് പിന്നാലെയാണ് ഭാര്യ യുഡിഎഫ് കണ്‍വെന്‍ഷന് വന്നത്. അതിന് ശേഷം എല്ലാ ബന്ധുക്കളും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി വന്നുവെന്നതാണ് അനുഭവം', ടി കെ ഗോവിന്ദന്‍ പറഞ്ഞു.

'ഞാന്‍ ഉയര്‍ത്തിയ ആശയത്തിന് പാര്‍ട്ടി നല്‍കിയ അംഗീകാരമാണിത്. പാര്‍ട്ടിയില്‍ ആകെ അസംതൃപ്തിയാണ്. അത് ഇവിടെ മാത്രം നില്‍ക്കില്ല. ഇന്ന് കേരളത്തിലെ സിപിഐഎം നേതൃത്വം സ്വീകരിക്കുന്ന നിലപാടില്‍ അണികള്‍ അസംതൃപ്തരാണ്. അസംതൃപ്തി മാറ്റാന്‍ സിപിഐഎം തിരുത്തണം. അത് നേതൃത്വത്തില്‍ നിന്നും തുടങ്ങണം. അത് ചെയ്തില്ലെങ്കില്‍ സിപിഐഎം നാമാവശേഷമാകും. കൂകിയവരും എനിക്കാണ് വോട്ട് ചെയ്തത്. ഒരു വീട്ടിലും കയറി വോട്ടുചോദിച്ചിട്ടില്ല. സമയം കിട്ടിയിരുന്നില്ല. പാര്‍ട്ടിക്കാര്‍ വരെ വോട്ടു ചെയ്തു', ടി കെ ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

പി വി അന്‍വറിന്റെ പുതിയ കൂട്ടായ്മയുടെ ഭാഗമാകുമോയെന്ന ചോദ്യത്തോട് 'അന്‍വറിന്റെ രീതിയോടൊപ്പം താല്‍പര്യമില്ല. തികച്ചും സ്വതന്ത്രനാണ് ഞാന്‍. വ്യത്യസ്ത നിലപാട് സ്വീകരിച്ചുവന്നയാളാണ്. അന്‍വറിന്റെ രീതി സ്വീകരിക്കാന്‍ എനിക്ക് സാധിക്കില്ല', എന്നായിരുന്നു ടി കെ ഗോവിന്ദന്റെ മറുപടി.

Content Highlights: UDF Rebel T K Govindan get majority Vote in malappattam

To advertise here,contact us