ബിജെപി ജനവിധി മോഷ്ടിച്ചു, ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുത്; ഇത് രാജ്യത്തിന്റെ പ്രശ്‌നമെന്ന് രാഹുല്‍ ഗാന്ധി

നിസാര രാഷ്ട്രീയം മാറ്റിവെക്കണമെന്നും ഇത് ഒരു പാര്‍ട്ടിയെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തോല്‍വിയെ പരിഹസിക്കരുതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ചില കോണ്‍ഗ്രസുകാരും മറ്റ് പാര്‍ട്ടിക്കാരും ടിഎംസിയുടെ പരാജയത്തെ കളിയാക്കുന്നത് കാണുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അസമിലെയും ബംഗാളിലെയും ജനവിധി മോഷ്ടിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കുകയെന്ന ബിജെപി പദ്ധതിയുടെ ഒരു വലിയ പടിയാണെന്ന് കളിയാക്കുന്നവര്‍ മനസിലാക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നിസാര രാഷ്ട്രീയം മാറ്റിവെക്കണം. ഇത് ഒരു പാര്‍ട്ടിയെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും രാജ്യത്തിന്റെ പ്രശ്‌നമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ ദിവസവും അസമിലെയും ബംഗാളിലെയും ബിജെപി വിജയത്തിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇരു സംസ്ഥാനങ്ങളിലും ബിജെപി തെരഞ്ഞെടുപ്പ് കൊള്ളയടിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. 100 സീറ്റുകള്‍ക്ക് മേല്‍ ബിജെപി കൊള്ളയടിച്ചു. ഇക്കാര്യത്തില്‍ താന്‍ മമതയ്‌ക്കൊപ്പമാണ്. നേരത്തെ മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്നീ സമയങ്ങളില്‍ ഈ പ്രവണത കണ്ടതാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. 207 സീറ്റുകളില്‍ ബിജെപി വിജയിച്ചപ്പോള്‍ തൃണമൂല്‍ വെറും 80 സീറ്റുകളില്‍ ഒതുങ്ങിപ്പോയി. ഭബാനിപൂരില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും അടിതെറ്റി. 15105 വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥിയായ സുവേന്ദു അധികാരിയോടാണ് മമത തോറ്റത്. പിന്നാലെ തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണവുമായി മമതയും രംഗത്തെത്തിയിരുന്നു.

നാലാമതും ഭരണ തുടര്‍ച്ച ലക്ഷ്യം വെച്ചാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ജനവിധി തേടിയത്. ബംഗാളില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പഴയ പ്രതാപം തിരിച്ചു പിടിക്കാനായി ഇത്തവണ ഇടതുപക്ഷം ബംഗാളില്‍ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇടതുപക്ഷവുമായുള്ള സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസും ഇത്തവണ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതില്‍ കോണ്‍ഗ്രസും സിപിഐഎമ്മും ഓരോ വോട്ട് വീതം നേടി.

Content Highlights: Rahul Gandhi says don't mock TMC over failing in West bengal

To advertise here,contact us